കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തം. കുട്ടനാടും അപ്പര്‍കുട്ടനാടും പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. ആലപ്പുഴയില്‍ 21 ദുരിതാശ്വാസ ക്യാമ്പുകള്‍
ആലപ്പുഴ: കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തമായതോടെ കുട്ടനാടും അപ്പര്‍കുട്ടനാടും പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. ആലപ്പുഴയില്‍ 21 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ചെങ്ങന്നൂരില്‍ 12 കുട്ടനാട്ടില്‍ അഞ്ചും അമ്പലപ്പുഴ, കാര്‍ത്തികപ്പള്ളി എന്നിവിടങ്ങളില്‍ രണ്ട് വീതവും ക്യാമ്പുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ഇന്നലെ മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും കിഴക്കന്‍വെള്ളത്തിന്റെ വരവ് കുട്ടനാട്, അപ്പര്‍കുട്ടനാട് മേഖലകളില്‍ ജനങ്ങളുടെ ദുരിതം ഇരട്ടിയാക്കി. തലവടി, നെടുമ്പ്രം പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയവരെ അഗ്‌നിരക്ഷാസേനയുടെ നേതൃത്വത്തില്‍ ഡിങ്കി ബോട്ടുകളില്‍ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി.
ഞായറാഴ്ച പുലര്‍ച്ചെ മുതലാണ് കിഴക്കന്‍വെള്ളത്തിന്റെ വരവ് കൂടിയത്. തുടര്‍ന്ന് വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിനായി തോട്ടപ്പള്ളി സ്പില്‍വേയിലെ 39 ഷട്ടറുകളും തണ്ണീര്‍മുക്കത്തെ 90 ഷട്ടറുകളും അന്ധകാരനഴിയിലെ നാല് ഷട്ടറുകളും തുറന്നിട്ടുണ്ട്. മൂന്നുദിവസത്തെ മഴയില്‍ അച്ചന്‍കോവിലാറും പമ്പാനദിയും കരകവിഞ്ഞതോടെ കുട്ടനാട്ടിലെയും അപ്പര്‍കുട്ടനാട്ടിലെയും ജലനിരപ്പ് മൂന്നടിയോളമാണ് ഉയര്‍ന്നത്. നദികളുടെ ചില ഭാഗങ്ങള്‍ ഏത് സമയവും കരകവിഞ്ഞൊഴുകാവുന്ന സ്ഥിതിയിലാണ്. നീരേറ്റുപുറം, പള്ളാത്തുരുത്തി, എടത്വ, കാവാലം മേഖകളില്‍ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലാണ്. രണ്ടാംകൃഷി ഇറക്കാത്ത പാടശേഖരങ്ങള്‍ക്ക് നടുവിലും പുറംബണ്ടിലുമായി താമസിക്കുന്നവര്‍ ഒറ്റപ്പെട്ട നിലയിലാണ്. ഗ്രാമീണ റോഡുകള്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയതും എ സി കനാലിന്റെ പാലങ്ങള്‍ക്കടിയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങളും മരച്ചില്ലകളും അടിഞ്ഞുകൂടിയതും ജനജീവിതത്തെയും ജലഗതാഗതത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.