വേളാങ്കണ്ണി തിരുനാളിനു കൊടിയേറി. എട്ടിനാണ് ദൈവമാതാവിന്റെ ജനനത്തിരുനാള്‍.
നാഗപട്ടണം: വേളാങ്കണ്ണി ആരോഗ്യമാതാ ബസിലിക്കയിലെ വാര്‍ഷികതിരുനാളിനു കൊടിയേറി. തഞ്ചാവൂര്‍ ബിഷപ്പ് ഡോ.ടി. സഹായരാജ് കൊടി ഉയര്‍ത്തിയതോടെ തിരുനാളിനു തുടക്കമായി. പിന്നാലെ ലദീഞ്ഞ്, ദിവ്യകാരുണ്യ ആരാധന, നോവേന തുടങ്ങിയ പ്രത്യേക ചടങ്ങുകളും നടന്നു. തിരുനാള്‍ ദിവസങ്ങളില്‍ തമിഴ്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ, മറാത്തി, കൊങ്കണി തുടങ്ങി വിവിധ ഭാഷകളില്‍ പ്രത്യേക തിരുക്കര്‍മങ്ങളും വിശുദ്ധ കുര്‍ബാനയും ക്രമീകരിച്ചിട്ടുണ്ട്.
സെപ്റ്റംബര്‍ ഏഴിന് ബിഷപ്പ് ഡോ. സഹായരാജിന്റെ മുഖ്യകാര്‍മികത്വത്തില്‍ ബസിലിക്കയില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാനയും മാതാവിന്റെ നവനാള്‍ പ്രാര്‍ഥനയും ഉണ്ടായിരിക്കും. രാത്രി എട്ടിന് മാതാവിന്റെ തിരുസ്വരൂപം വഹിച്ചുള്ള പ്രദക്ഷിണം. എട്ടിനാണ് ദൈവമാതാവിന്റെ ജനനത്തിരുനാള്‍. രാവിലെ ആറിന് ബിഷപ്പ് ഡോ. സഹായരാജിന്റെ കാര്‍മികത്വത്തില്‍ ബസിലിക്കയില്‍ ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയും തിരുനാള്‍ സന്ദേശവും നടക്കും. വൈകുന്നേരം കൊടിയിറക്കത്തോടെ തിരുനാള്‍ സമാപിക്കും. തിരുനാള്‍ ദിവസങ്ങളില്‍ ലക്ഷകണക്കിന് തീര്‍ത്ഥാടകരാണ് വേളാങ്കണ്ണിയിലേക്ക് എത്തിച്ചേരുക.