കത്തോലിക്ക കോൺഗ്രസ് പ്രഥമ ദേശീയ സമ്മേളനത്തിന് നാളെ മുംബൈയിൽ തുടക്കം
കൊച്ചി: കത്തോലിക്ക കോൺഗ്രസിന്റെ പ്രഥമ ദേശീയ സമ്മേളനത്തിന് നാളെ മുംബൈ എആർസിയിൽ തുടക്കമാകും. ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിലുള്ള രണ്ടു ദിവസത്തെ സമ്മേളനത്തിന് കല്യാൺ അതിരൂപതയാണ് ആതിഥേയത്വം വഹിക്കുന്നത്. രാവിലെ 9.30ന് സീറോമലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഗ്ലോബൽ പ്രസിഡൻ്റ് രാജീവ് കൊച്ചുപറമ്പിൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും.
രാജ്യത്തെ എല്ലാ സീറോമലബാർ രൂപതകളിൽനിന്നുമുള്ള സഭാ, സമുദായ നേതാക്കന്മാരും വിവിധ രംഗങ്ങളിലെ പ്രമുഖരും സമ്മേളനത്തിൽ പങ്കെടുക്കും. രാഷ്ട്രത്തിന്റെ വളർച്ചയ്ക്ക് ക്രൈസ്‌തവസമൂഹം നൽകുന്ന സംഭാവനകൾ, ക്രൈസ്‌തവസമൂഹം നേരിടുന്ന വെല്ലുവിളികളും പരിഹാരങ്ങളും, പ്രവാസിസമൂഹം, ന്യൂനപക്ഷ അവകാശ സംരക്ഷണം എന്നീ വിഷയങ്ങളിൽ സെമിനാറുകളും പാനൽ ചർച്ചകളും സംവാദങ്ങളും നടക്കും.
കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, ആർച്ച് ബിഷപ്പുമാരായ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, മാർ റാഫി മഞ്ഞളി, ബിഷപ്പുമാരായ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, മാർ ജോസഫ് അരുമച്ചാടത്ത്, മാർ തോമസ് പാടിയത്ത് എന്നിവർ പരിപാടിയിൽ പങ്കെടുക്കും. ഫാ. ഡോ. ഫിലിപ്പ് കവിയിൽ, മോൺ. സിറിയക് കുമ്പാട്ട്, ജനറൽ സെക്രട്ടറി ഡോ. ജോസ്‌കുട്ടി ജെ. ഒഴുകയിൽ, അഡ്വ. ടോണി പുഞ്ചക്കുന്നേൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.