"കാര്യസാധ്യത്തിനായി അടുപ്പവും സ്നേഹവും കാണിക്കുന്നവരെ തിരിച്ചറിയാതെ പോകുന്നത് ഒന്നാമത്തെ തെറ്റ്. ആളും തരവും നോക്കാതെ എല്ലാവരോടും സത്യസന്ധമായി പെരുമാറുന്നത് രണ്ടാമത്തെ തെറ്റ്"ഇന്നത്തെ ചിന്താവിഷയം 
 

 
friends

"കാര്യസാധ്യത്തിനായി മാത്രം അടുപ്പവും സ്നേഹവും കാണിക്കുന്നവരെ തിരിച്ചറിയാതെ പോകുന്നത് ഒന്നാമത്തെ തെറ്റ്. ആളും തരവും നോക്കാതെ എല്ലാവരോടും സത്യസന്ധമായി പെരുമാറുന്നത് രണ്ടാമത്തെ തെറ്റ്. നമ്മൾ സ്നേഹിക്കുന്നവരെല്ലാം തിരിച്ച് നമ്മളെയും സ്നേഹിക്കുമെന്ന തോന്നൽ മൂന്നാമത്തെ തെറ്റ്"

ഈ ഉദ്ധരണി ഇന്നത്തെ ചിന്താവിഷയം ആയപ്പോൾ മനസ്സിൽ ഓടിയെത്തിയത് പഴയ ഒരു സിനിമയിലെ പാട്ടിൻ്റെ വരികളാണ്. "മനിസൻ മണ്ണില് പരകോടീ.. അവന്റെ മനസ്സില് ശെയ്ത്താന്റെ മുഖംമൂടീ..ചിരികൊണ്ട് മയക്കാൻ വരുന്നത് പലതും ചിറകുകളില്ലാത്ത ജിന്നാണടാ.." അഞ്ചു പതിറ്റാണ്ട് മുമ്പ് ഇറങ്ങിയ "കായംകുളം കൊച്ചുണ്ണി" എന്ന സിനിമയിലെ ഈ ഗാനം ഇന്നും പ്രസക്തിയുള്ളതാകുന്നു.

മനുഷ്യരിലെ സ്വാർത്ഥതയുടെയും, ചതിയുടെയും മുഖംമൂടി  വളരെ കൃത്യമായി കവി ഇവിടെ വർണ്ണിച്ചിട്ടുണ്ട്. ഇന്നും നമുക്ക് ചുറ്റുമുള്ള പലരെയും നമുക്ക് മനസ്സിലാക്കാൻ കഴിയാറില്ല എന്നുള്ളത് സത്യമല്ലേ. ആരെ വിശ്വസിക്കണം, ആരെ സ്നേഹിക്കണം എന്നൊക്കെ ഓർത്ത് നമ്മൾ സന്ദേഹപ്പെടാറുണ്ട്. ആരെയും വിശ്വസിക്കാനോ സ്നേഹിക്കാനോ കഴിയാത്ത ഒരു കാലമായി പോയി ഇത് എന്ന് പറയേണ്ട ആവശ്യമില്ലല്ലോ. പല സ്വഭാവങ്ങളിലുള്ള ആളുകളുമായി നമ്മൾ നിത്യേന ഇടപഴകാറുണ്ട്.  

നമ്മളോട് അടുപ്പവും സ്നേഹവും കാണിക്കുന്നവരെ നമ്മൾ ചേർത്തുപിടിക്കാറുണ്ട്. അവരുടെ ആവശ്യം നിറവേറ്റാനായിട്ടായിരുന്നു സ്നേഹ പ്രകടനം ഒക്കെ എന്ന് നമ്മൾ തിരിച്ചറിയുന്നത് അവർ പൊടിയും തട്ടി പോകുമ്പോഴാണ്. അതുപോലെതന്നെയാണ് ചിലർ ആളെ മനസ്സിലാക്കാതെ വളരെ സത്യസന്ധതയോടെ മറ്റുള്ളവരോട് പെരുമാറുന്നത്. ആരെയും വിശ്വസിക്കുന്ന ഇവരുടെ ആത്മാർത്ഥതയ്ക്കും നിഷ്കളങ്കതയ്ക്കും പോറൽ ഏൽപ്പിക്കാൻ മുന്നിൽ നിൽക്കുന്നത് ഇവരായിരിക്കും.

മറ്റുള്ളവരെ വിശ്വാസത്തിൽ എടുത്തു കൊണ്ട് എല്ലാ കാര്യങ്ങളും അവരോട് പറയുകയും അവരെ ഏൽപ്പിക്കുകയും ചെയ്യാൻ ഇത്തരത്തിലുള്ളവർ മടി കാട്ടാറില്ല. നമ്മൾ അവരെ സ്നേഹിച്ചത് പോലെ തിരിച്ച് അവർ നമ്മളെ സ്നേഹിക്കുമെന്ന മിഥ്യാധാരണ നമുക്ക് അനർത്ഥങ്ങൾ ഉണ്ടാക്കാം.

മുൻപിൻ നോക്കാതെ എല്ലാവരെയും വിശ്വസിക്കുന്നതാണ്  ഏറ്റവും വലിയ തെറ്റ്. എത്ര തിരിച്ചടി കിട്ടിയാലും കൊണ്ടാലും ഇത്തരക്കാർ പഠിക്കാറില്ല എന്നതാണ് മറ്റൊരു സത്യം. കാരണം അവർക്ക് നിഷ്കളങ്കതയോടെ മാത്രമേ മറ്റുള്ളവരോട് പെരുമാറാൻ അറിയാവൂ.

സുഭാഷ് ടിആർ
 

Tags

Share this story

From Around the Web