പുതുവര്‍ഷത്തിലെ ആദ്യ അതിഥി 'പൗര്‍ണ്ണ'; തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ പുത്തന്‍ പ്രതീക്ഷകളുമായി അവളെത്തി

 
baby



തിരുവനന്തപുരം: പുതുവര്‍ഷത്തിന്റെ പുത്തന്‍ പ്രതീക്ഷകളുമായി സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരത്തെ അമ്മത്തൊട്ടിലില്‍ ആദ്യ അതിഥി എത്തി. 

പത്ത് ദിവസം മാത്രം പ്രായം തോന്നിക്കുന്ന പെണ്‍കുഞ്ഞിനെ ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് അമ്മത്തൊട്ടിലില്‍ എത്തിയത്. 


പുതുവര്‍ഷത്തിലെ ആദ്യ നവാഗതയ്ക്ക് 'പൗര്‍ണ്ണ' എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അഡ്വ. ജി.എല്‍ അരുണ്‍ ഗോപി അറിയിച്ചു.

അമ്മത്തൊട്ടിലില്‍ കുഞ്ഞ് എത്തിയതറിയിച്ചുള്ള അലാറം മുഴങ്ങിയ ഉടന്‍ തന്നെ ദത്തെടുക്കല്‍ കേന്ദ്രത്തിലെ മോണിറ്ററില്‍ കുരുന്നിന്റെ ചിത്രവുമെത്തി . 

നഴ്‌സും അമ്മമാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാരും അമ്മത്തൊട്ടിലിലെത്തി
കുട്ടിയെ ശിശുപരിചരണ കേന്ദ്രത്തിലെത്തിച്ച് പ്രാഥമീക പരിശോധനകള്‍ നടത്തിയതിനുശേഷം തൈക്കാട് സര്‍ക്കാര്‍ കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയില്‍ എത്തിച്ചു. 

ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ തൈക്കാട് വനിതകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.


തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ 2025-ല്‍ മാത്രം 30 കുട്ടികളാണ് സര്‍ക്കാര്‍ സംരക്ഷണയ്ക്കായി എത്തിയത്. പൗര്‍ണ്ണയുടെ ദത്തെടുക്കല്‍ നടപടികള്‍ ഉടന്‍ ആരംഭിക്കേണ്ടതുണ്ട്. 

അതിനാല്‍ കുട്ടിയുടെ അവകാശികള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ സമിതിയുമായി അടിയന്തരമായി ബന്ധപ്പെടണമെന്ന് ജനറല്‍ സെക്രട്ടറി അറിയിച്ചു. നിലവില്‍ സമിതിയുടെ പൂര്‍ണ്ണ സംരക്ഷണയില്‍ ആരോഗ്യവതിയായി ഇരിക്കുകയാണ് ഈ പുതുവര്‍ഷ അതിഥി.

Tags

Share this story

From Around the Web