യൂറോപ്പിലെ സീറോ മലബാര്‍ അപ്പസ്‌തോലിക് വിസിറ്റേഷന്‍ പ്രഥമ കോര്‍ഡിനേറ്റര്‍ ജനറല്‍ ഫാ. ചെറിയാന്‍ വാരിക്കാട്ട്അന്തരിച്ചു
റോം/കോതമംഗലം: യൂറോപ്പിലെ സീറോ മലബാര്‍ വിശ്വാസി സമൂഹത്തിന്റെ അടിത്തറ പാകുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പ്രമുഖ സഭാ ചരിത്രകാരനും പ്രഥമ കോര്‍ഡിനേറ്റര്‍ ജനറലുമായ ഫാ. ചെറിയാന്‍ വാരിക്കാട്ട് (Fr. Cherian Varikkatt) (69) അന്തരിച്ചു.
2016 മുതല്‍ 2019 വരെ യൂറോപ്പിലെ സീറോ മലബാര്‍ അപ്പസ്‌തോലിക് വിസിറ്റേഷന്റെ പ്രഥമ കോര്‍ഡിനേറ്റര്‍ ജനറലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതൊടൊപ്പം മിഷന് അടിത്തറ പാകിയ അദ്ദേഹം, റോമിലെ മലയാളി സമൂഹത്തിന് ആത്മീയ അഭയകേന്ദ്രമൊരുക്കാന്‍ മൂന്ന് വര്‍ഷത്തിലേറെ ചാപ്ലെയ്‌നായും പ്രവര്‍ത്തിച്ചു. ഇടുക്കി രൂപതയുടെ പ്രഥമ കത്തീഡ്രല്‍ വികാരിയായിരുന്നു. രൂപതയുടെ ആദ്യ മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ അഭിഷേക ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
കോതമംഗലം രൂപതയില്‍ കാറ്റിക്കിസം ഡയറക്ടര്‍, മൈനര്‍ സെമിനാരി റെക്ടര്‍, പ്രൊക്യൂറേറ്റര്‍ എന്നീ നിലകളില്‍ ശ്രദ്ധേയമായ സേവനം കാഴ്ചവെച്ചു. സഭാ ചരിത്രത്തില്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹം വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരി, തൃശൂര്‍ മേരി മാതാ മേജര്‍ സെമിനാരി (വൈസ് റെക്ടര്‍) എന്നിവിടങ്ങളില്‍ പ്രഫസറായിരുന്നു. നൂറുകണക്കിന് വൈദികരുടെ ശ്രേഷ്ഠ ഗുരുവായി അറിയപ്പെടുന്നു. മെഡിക്കല്‍ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ്(എംഎസ്‌ജെ) സന്യാസിനി സമൂഹത്തിന്റെ സ്ഥാപകന്‍ മോണ്‍. ജോസഫ് പഞ്ഞിക്കാരന്റെ വാഴ്ത്തപ്പെട്ട പദവിയിലേക്കുള്ള നാമകരണ നടപടികളുടെ ‘പോസ്റ്റുലേറ്റര്‍’ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഫാ. ചെറിയാന്‍ വാരിക്കാട്ടിന്റെ നിര്യാണത്തില്‍ യൂറോപ്പിലെ സീറോ മലബാര്‍ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ ബിഷപ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് അനുശോചനം രേഖപ്പെടുത്തി. മിഷന്റെ വലിയൊരു തൂണാണ് നഷ്ടമായതെന്ന് അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
മൃതസംസ്‌കാര ശുശ്രൂഷ നാളെ ജൂണ്‍ 5 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് കരിമണ്ണൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കുകയും തുടര്‍ന്ന് ചിലവ് ക്രിസ്തുരാജ പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കുകയും ചെയ്യും.