ശ്രേഷ്ഠ ബസ്സേലിയോസ് ജോസഫ് ബാവായുടെ ഒന്നാം കാതോലിക്ക സ്ഥാനാരോഹണ വാർഷികം മാർച്ച് 25 ന്

 
FTAHER

പുത്തൻകുരിശ് : യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ  ഒന്നാം കാതോലിക്ക സ്ഥാനാരോഹണ വാർഷികം മാർച്ച് 25 ബുധനാഴ്ച നടക്കും. വി. ദൈവമാതാവിന്റെ വചനിപ്പ് പെരുന്നാൾ ദിനം കൂടിയായ നാളെ
(മാർച്ച് 25) രാവിലെ 7.30-ന് പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ ശ്രേഷ്ഠ ബാവയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന നടക്കും. സഭയിലെ മെത്രാപ്പോലീത്തമാരും സഭാ ഭാരവാഹികളും വൈദികരും വിശ്വാസികളും സംബന്ധിക്കും.

പശ്ചിമേഷ്യയിലെ നിലവിലുള്ള യുദ്ധസാഹചര്യങ്ങളും അശാന്തിയും കണക്കിലെടുത്ത്  ആഘോഷങ്ങൾ പൂർണ്ണമായും ഒഴിവാക്കി, പ്രാർത്ഥനാപൂർവ്വമായ ചടങ്ങുകൾക്ക് മാത്രമാണ് പ്രാധാന്യം നൽകിയിരിക്കുന്നത്.

2025 മാർച്ച് 25-നായിരുന്നു ലബനോനിലെ ബെയ്റൂട്ടിലുള്ള അച്ചാനെ സെന്റ് മേരീസ് പാത്രിയർക്കാ കത്തീഡ്രലിൽ വെച്ച് ചരിത്രപ്രധാനമായ സ്ഥാനാരോഹണ ചടങ്ങുകൾ നടന്നത്. ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ മുഖ്യ കാർമികത്വത്തിലായിരുന്നു സ്ഥാനാരോഹണം.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രത്യേക പ്രതിനിധികൾ, ലോകത്തിലെ വിവിധ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാർ, മെത്രാപ്പോലീത്തമാർ, ലബനോനിലെ വിശിഷ്ട വ്യക്തികൾ, ഇന്ത്യയിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായെത്തിയ എഴുനൂറിലധികം വിശ്വാസികൾ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ആ ചടങ്ങ് മലങ്കര സുറിയാനി സഭയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായിരുന്നു.

Tags

Share this story

From Around the Web