അപകടം പറ്റിയെന്ന് ഫയര്‍ഫോഴ്സിനെ അറിയിച്ചു, ഒടുവില്‍ കുടുങ്ങി; മദ്യപാനത്തിനിടെ ബന്ധുവിനെ കുത്തിക്കൊന്ന പ്രതി പിടിയില്‍

 
police


ഇടുക്കി: പുല്ലുപാറയില്‍ ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവ് ബന്ധുവിനെ കുത്തിക്കൊലപ്പെടുത്തി. ഏലംകാട് സ്വദേശിയായ ബിനുവാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ബിനുവിന്റെ അടുത്ത ബന്ധുവും സുഹൃത്തുമായ തങ്കച്ചനെ പെരുവന്താനം പോലീസ് കസ്റ്റഡിയിലെടുത്തു. സെപ്റ്റംബര്‍ 5-ന് രാത്രിയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ പെട്ടെന്നുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.

കൊലപാതകത്തിന് ശേഷം വളരെ ആസൂത്രിതമായാണ് തങ്കച്ചന്‍ പെരുമാറിയത്. ബിനുവിന് ഒരു അപകടം സംഭവിച്ചുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇയാള്‍ ഫയര്‍ഫോഴ്സിനെ വിളിച്ചുവരുത്തി. എന്നാല്‍ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് സംഭവത്തില്‍ ദുരൂഹത തോന്നിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. ബിനുവിന്റെ പരിക്കുകള്‍ അപകടത്തില്‍ സംഭവിച്ചതല്ലെന്ന് തിരിച്ചറിഞ്ഞ ഉദ്യോഗസ്ഥര്‍ ഉടനടി പെരുവന്താനം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.


പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയതോടെയാണ് സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതും തങ്കച്ചനെ കസ്റ്റഡിയിലെടുത്തതും. ബിനുവും തങ്കച്ചനും സ്ഥിരമായി മദ്യപിക്കുന്നവരാണെന്നും പിടിയിലായ തങ്കച്ചന് മുന്‍പ് തന്നെ ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും പോലീസ് വ്യക്തമാക്കി. മദ്യലഹരിയില്‍ ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും, കൃത്യത്തിലേക്ക് നയിച്ച യഥാര്‍ത്ഥ കാരണം എന്താണെന്ന് കണ്ടെത്താന്‍ പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Tags

Share this story

From Around the Web