ഭരണഘടന ഉറപ്പു നല്‍കുന്ന സമത്വത്തിന് വേണ്ടിയുള്ള പോരാട്ടം. ഓഗസ്റ്റ് 10ന് ദളിത് ക്രൈസ്തവര്‍ കരിദിനമായി ആചരിക്കും
തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടന എല്ലാ പൗരന്മാര്‍ക്കും ഉറപ്പു നല്‍കുന്ന തുല്യനീതിയും സ്വാതന്ത്ര്യവും മതത്തിന്റെ പേരില്‍ നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് ഓഗസ്റ്റ് 10 നു ദളിത് ക്രൈസ്തവര്‍ കരിദിനമായി ആചരിക്കുന്നു.
1950 ഓഗസ്റ്റ് 10-ന് പുറത്തിറക്കിയ വിവേചനപരമായ രാഷ്ട്രപതിയുടെ ഉത്തരവ് റദ്ദാക്കണമെന്നും, ഭരണഘടനാപരമായ സമത്വവും മതസ്വാതന്ത്ര്യവും തങ്ങള്‍ക്കും ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് വിവിധ ദളിത് ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നത്.
1950-ലെ പ്രെസിഡന്‍ഷ്യല്‍ ഓര്‍ഡര്‍ അനുസരിച്ച് ഹിന്ദു മതത്തില്‍പ്പെട്ട ദളിതര്‍ക്ക് മാത്രമാണ് പട്ടികജാതി (ടഇ) പദവിയും ആനുകൂല്യങ്ങളും അനുവദിച്ചിരുന്നത്.
പിന്നീട് ഇത് സിഖ്, ബുദ്ധ മതങ്ങളിലെ ദളിതര്‍ക്കും കൂടി ബാധകമാക്കിയെങ്കിലും, ക്രിസ്ത്യന്‍, ഇസ്ലാം മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്ത ദളിതരെ ഈ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.
ഈ വിവേചനം മൂലം പതിറ്റാണ്ടുകളായി തങ്ങള്‍ക്ക് അര്‍ഹമായ സാമൂഹിക നീതിയും സംവരണാനുകൂല്യങ്ങളും നഷ്ടപ്പെടുന്നുവെന്ന് സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു.
മതപരിവര്‍ത്തനം നടത്തിയാലും ദളിത് ജനവിഭാഗങ്ങള്‍ നേരിടുന്ന സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥയ്ക്ക് മാറ്റം വരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ദളിത് ക്രൈസ്തവരെക്കൂടി പട്ടികജാതി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭങ്ങളാണ് രാജ്യമൊട്ടാകെ നടക്കുന്നത്.
ഈ നീതികേടിനെതിരെ ജനശ്രദ്ധ ക്ഷണിക്കുന്നതിനും അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുമായാണ് എല്ലാ വര്‍ഷവും ഓഗസ്റ്റ് 10 പ്രതിഷേധ ദിനമായി ആചരിച്ചുപോരുന്നത്.