ഫുട്‌ബോള്‍ ലോകകപ്പ് 11-ന് ആരംഭിക്കും;മാര്‍പാപ്പയുടെ പ്രാര്‍ത്ഥന ചര്‍ച്ചയാകുന്നു

 
Pope

കായികരംഗം ജനങ്ങള്‍ക്കിടയില്‍ സമാധാനത്തിന്റെയും ഒത്തുചേരലിന്റെയും സംവാദത്തിന്റെയും ഉപാധിയായി മാറുന്നതിനുനേണ്ടിയുള്ള പാപ്പയുടെ ജൂണ്‍ മാസത്തിലെ പ്രാര്‍ത്ഥനാനിയോഗം ഈ മാസം 11  – ന് ആരംഭിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിന്റെ പശ്ചാത്തലത്തില്‍  ശ്രദ്ധ നേടുന്നു.

കായികരംഗം വിവിധ സംസ്‌കാരങ്ങള്‍ക്കും ജനതകള്‍ക്കുമിടയില്‍ സമാധാനത്തിന്റെയും ഒത്തുചേരലിന്റെയും സംവാദത്തിന്റെയും ഉപാധിയായി മാറുന്നതിനും, ആദരവ്, ഐക്യദാര്‍ഢ്യം, വ്യക്തിഗത വളര്‍ച്ച തുടങ്ങിയ മൂല്യങ്ങളെ  പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ജൂണ്‍ മാസത്തില്‍ പ്രാര്‍ത്ഥിക്കാന്‍ പാപ്പ ആഹ്വാനം ചെയ്തു. ജൂണ്‍ മാസത്തെ  മാര്‍പാപ്പയുടെ പ്രാര്‍ത്ഥനാ നിയോഗവുമായി ബന്ധപ്പെട്ട വീഡിയോ ‘പോപ്പ്‌സ് വേള്‍ഡ് വൈഡ് പ്രെയര്‍ നെറ്റ്വര്‍ക്കാണ്’ പുറത്തിറക്കിയത്. വീഡിയോയില്‍ പാപ്പ നടത്തുന്ന പ്രാര്‍ത്ഥനയുടെ മലയാള പരിഭാഷ താഴെ നല്‍കുന്നു:

ജീവന്റെ കര്‍ത്താവേ,

കായികവിനോദം എന്ന ദാനത്തെ ഓര്‍ത്ത് ഞങ്ങള്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു,
തങ്ങളുടെ ശരീരങ്ങളെ പരിശീലിപ്പിക്കുന്നതിലൂടെ ദൈവത്തെ മഹത്വപ്പെടുത്തുന്നവരെ ഓര്‍ത്ത്, കളിക്കളങ്ങളില്‍ ജനിക്കുന്ന സൗഹൃദങ്ങളെ ഓര്‍ത്ത്, ഒരു ടീമായി കളിക്കുന്നതിലെ സന്തോഷത്തെ ഓര്‍ത്ത് ഞങ്ങള്‍ നന്ദി പറയുന്നു.

കളിയിലെന്നപോലെ ജീവിതത്തിലും, ആരും തനിച്ചല്ല രക്ഷിക്കപ്പെടുന്നതെന്ന് അങ്ങ് ഞങ്ങളെ പഠിപ്പിക്കുന്നു. വളരുവാന്‍, ആദരവ് പഠിക്കുവാന്‍, പരിമിതികളെ മറികടക്കുവാന്‍, നമ്മള്‍ നേടുന്ന വിജയങ്ങള്‍ ഒരുമിച്ച് ആഘോഷിക്കുവാന്‍ നമുക്ക് മറ്റുള്ളവരെ ആവശ്യമുണ്ട്. കായികരംഗം  മത്സരത്തെക്കാളുപരി സാഹോദര്യത്തിന്റെ വിദ്യാലയമായിരിക്കുവാന്‍, പാര്‍ശ്വവല്‍ക്കരിക്കുന്ന ഇടത്തേക്കാളുപരി, ഒത്തുചേരലിന്റെ ഇടമായിരിക്കുവാന്‍, അക്രമത്തേക്കാളുപരി, സമാധാനത്തിന്റെ ഇടമായിരിക്കുവാന്‍ ഞങ്ങള്‍ അപേക്ഷിക്കുന്നു.

കളിക്കുന്നവരും, പരിശീലിപ്പിക്കുന്നവരും, പ്രോത്സാഹിപ്പിക്കുന്നവരും കായികരംഗത്തില്‍ ഒരു ആഗോള ഭാഷ കണ്ടെത്തട്ടെ; അത് സംസ്‌കാരങ്ങളെ അടുപ്പിക്കുകയും ജനങ്ങളെ ഒന്നിപ്പിക്കുകയും, ആദരവും ഐക്യദാര്‍ഢ്യവും വ്യക്തിഗത വളര്‍ച്ചയും വിതയ്ക്കുകയും ചെയ്യട്ടെ.

സന്തോഷത്തോടെ അധ്വാനിച്ചുകൊണ്ടും പരാജയങ്ങള്‍ എളിമയോടെ സ്വീകരിച്ചുകൊണ്ടും അങ്ങയുടെ ഉത്ഥാനത്തിന്റെ വിജയത്തില്‍  കൃതജ്ഞതയോടെ പങ്കുചേര്‍ന്നുകൊണ്ടും അങ്ങയോടൊത്ത് നയിക്കുന്ന ജീവിതത്തിന്റെ ഉപമയായി ഒരോ കായിക ഇനവും മാറട്ടെ.

ഐക്യവും സാഹോദര്യവും കെട്ടിപ്പടുക്കുന്ന,
അങ്ങയോട് ഐക്യപ്പെട്ട ഒരൊറ്റ ടീമായി ഞങ്ങളെ മാറ്റുന്നതില്‍
അങ്ങയുടെ ആത്മാവ് ഞങ്ങളെ സഹായിക്കട്ടെ. ആമ്മേന്‍

Tags

Share this story

From Around the Web