ചടങ്ങുകള്‍ അവസാനിച്ചിട്ടും സദ്യ എത്തിയില്ല, നെട്ടോട്ടമോടി വധുവിന്റെ വീട്ടുകാര്‍; കേറ്ററിങ് സംഘം മുങ്ങി
മുണ്ടക്കയം: വിവാഹത്തിന് ഭക്ഷണം നല്‍കാമെന്നേറ്റ് പണം വാങ്ങിയശേഷം ഭക്ഷണം എത്തിക്കാതെ കേറ്ററിങ് സംഘം മുങ്ങി. അതിഥികള്‍ക്ക് ഭക്ഷണം കണ്ടെത്തുവാന്‍ വലഞ്ഞ് വധുവിന്റെ വീട്ടുകാര്‍.
കാഞ്ഞിരപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേറ്ററിങ് സ്ഥാപനത്തിനെതിരേയും പണം കൈപ്പറ്റിയ വിഷ്ണുവിനെതിരേയും ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. ചോറ്റി മഹാദേവ ക്ഷേത്രത്തില്‍ ശനിയാഴ്ച നടന്ന വിവാഹത്തിലാണ് സംഭവം.
പനയ്ക്കച്ചിറ സ്വദേശിനിയായ യുവതിയുടെ വിവാഹത്തിനായി 1.40 ലക്ഷം രൂപ ല്‍കി 400 ആളുകള്‍ക്കുള്ള സദ്യ ബുക്കുചെയ്തിരുന്നു.
ഉച്ചയോടെ ക്ഷേത്രത്തില്‍ വിവാഹ ചടങ്ങുകള്‍ അവസാനിച്ചിട്ടും ഓഡിറ്റോറിയത്തില്‍ ഭക്ഷണം എത്തിയില്ല. കരാര്‍ വാങ്ങിയ ആളെ ഫോണില്‍ കിട്ടാതായതോടെ വീട്ടുകാര്‍ സമ്മര്‍ദത്തിലായി.
ഉച്ചഭക്ഷണതിന്റെ തിരക്കിലായതിനാല്‍ ഹോട്ടലില്‍നിന്നും ഭക്ഷണം കിട്ടുവാനും ബുദ്ധിമുട്ടി. പിന്നീട് വിവിധ ഹോട്ടലില്‍നിന്നായി ഭക്ഷണം ക്രമീകരിച്ച് അതിഥികള്‍ക്ക് നല്‍കി വീട്ടുകാര്‍ മാനംകാത്തു. കോട്ടയം കഞ്ഞിക്കുഴിയിലും സമാനമായ സംഭവത്തില്‍ കോട്ടയം ഈസ്റ്റ് പോലീസില്‍ ഇയാള്‍ക്കെതിരേ പരാതി നല്‍കിയിട്ടുണ്ട്.