നിപ ഭീതി അകലുന്നു. സമ്പര്‍ക്കപ്പട്ടികയിലെ ഒരാള്‍ കൂടി ആശുപത്രി വിട്ടു
നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരുന്ന ഒരാളുടെ പരിശോധനാഫലം കൂടി നെഗറ്റീവായി.
രോഗലക്ഷണങ്ങള്‍ കുറയുകയും ചെയ്തതിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്തത്.
ഇതോടെ സമ്പര്‍ക്കപ്പട്ടികയില്‍ നിന്നു ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആകെ 9 പേരില്‍ 6 പേര്‍ ആശുപത്രി വിട്ടു. നിലവില്‍ ആകെ 3 പേര്‍ മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍ തുടരുന്നു.
നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ തുടരുന്നു. രോഗബാധിതന്റെ സമ്പര്‍ക്ക പട്ടികയില്‍ ഇന്ന് പുതിയതായി ആരെയും ഉള്‍പ്പെടുത്തിയിട്ടില്ല. നിലവില്‍ 104 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്.
ഇത് 4 പേര്‍ വളരെ ഉയര്‍ന്ന റിസ്‌ക് ഭാഗത്തില്‍പ്പെട്ടവരും, 14 പേര്‍ ഉയര്‍ന്ന ഭാഗത്തില്‍ പെട്ടവരും 86 പേര്‍ കുറഞ്ഞ റിസ്‌ക് ഭാഗത്തില്‍പ്പെട്ടവരും ആണ്.
രോഗബാധ റിപ്പോര്‍ട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷന്‍ 5 ലെ 50 വീടുകളില്‍ കൂടി ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്ന് സന്ദര്‍ശനം നടത്തി.
വയറിളക്ക രോഗങ്ങള്‍ക്കെതിരെ സംസ്ഥാനതല ക്യാമ്പയിന്‍ ജൂലൈ 31 വരെ 19 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു.
മഴക്കാലം ആരംഭിച്ചതോടെ സംസ്ഥാനത്ത് ഷിഗെല്ലോസിസ് ഉള്‍പ്പെടെയുള്ള വയറിളക്ക രോഗങ്ങള്‍ വര്‍ദ്ധിച്ച് വരികയും ഏതാനും കുട്ടികളുടെ മരണത്തിനു കാരണമാവുകയും ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ച പ്രകാരം വയറിളക്ക രോഗങ്ങള്‍ക്കെതിരെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഇതര വകുപ്പുകളുടെ കൂടി സഹകരണത്തോടെ ശക്തമായ ബോധവത്കരണവും നടപടികളും ആരംഭിക്കേണ്ടതുണ്ട്.
ഈ സാഹചര്യത്തില്‍ 2026 ജൂണ്‍ 16 മുതല്‍ ജൂലൈ 31 വരെ വയറിളക്കരോഗങ്ങള്‍ക്കെതിരെ സംസ്ഥാനത്ത് പ്രത്യേക ക്യാമ്പയിന്‍ തുടങ്ങുകയാണ്. വയറിളക്കരോഗങ്ങള്‍ തടയാം, ജീവന്‍ രക്ഷിക്കാം എന്നതാണ് പരിപാടിയുടെ മുദ്രാവാക്യം.
ക്യാമ്പയിന്‍ കാലയളവില്‍ (2026 ജൂണ്‍ 16 മുതല്‍ ജൂലൈ 31 വരെ) എല്ലാ ജില്ലകളിലും ബോധവത്കരണം ശക്തമാക്കുന്നതിനു പുറമെ പൊതു വിദ്യാഭാസവകുപ്പ്, വനിതാ ശിശു വികസനവകുപ്പ്, ജലവിഭവ വകുപ്പ്, ജലനിധി, തദ്ദേശ സ്വയംഭരണ വകുപ്പ് തുടങ്ങിയവയുമായി സഹകരിച്ച് വകുപ്പ്തല ഏകോപന സമിതി യോഗങ്ങള്‍ സംഘടിപ്പിക്കുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്യണം.
ക്യാമ്പയിന്റെ ഭാഗമായി ആരോഗ്യ കേന്ദ്രങ്ങള്‍, അങ്കണവാടികള്‍, വിദ്യാലയങ്ങള്‍, വീടുകള്‍ എന്നിവയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കണം.
മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കല്‍, പ്രതിരോധ കുത്തിവെപ്പ് (റോട്ടാ വൈറസിനെതിരെ) ഉറപ്പാക്കല്‍, കുടിവെള്ളം അണുവിമുക്തമാക്കല്‍, കൃത്യമായ കുടിവെള്ള ഗുണനിലവാര പരിശോധന, ശാസ്ത്രീയമായ മാലിന്യ നിര്‍മ്മാര്‍ജനം, കൈകഴുകല്‍ പ്രോത്സാഹിപ്പിക്കല്‍, ആരോഗ്യ കേന്ദ്രങ്ങള്‍ അങ്കണവാടികള്‍ എന്നിവയില്‍ ഓ.ആര്‍.എസ്-സിങ്ക് എന്നിവ ഉറപ്പാക്കല്‍, പൊതു ജലസ്രോതസുകളുടെ സംരക്ഷണം എന്നിവയ്ക്കായുള്ള നടപടികളാണ് മുഖ്യമായും സ്വീകരിക്കേണ്ടത്.