മകന്റെ അടുത്ത് പടക്കം പൊട്ടിച്ചത് അച്ഛന് ഇഷ്ടമായില്ല; ഡല്‍ഹിയില്‍ പതിനഞ്ചുകാരനെ തല്ലിക്കൊന്നു
ന്യൂഡല്‍ഹി: മകന്റെ സമീപത്ത് പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ഇരുമ്പുവടി കൊണ്ട് അടിച്ചുകൊലപ്പെടുത്തി. ഡല്‍ഹിയിലെ ആനന്ദ് പര്‍ബത് മേഖലയിലാണ് ഞെട്ടിക്കുന്ന സംഭവം. സംഭവത്തില്‍ 42കാരനായ ഒരാളെ ഉള്‍പ്പെടെ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ബല്‍ജീത് നഗറിലെ പഞ്ചാബി ബസ്തിയിലായിരുന്നു സംഭവം. മറ്റൊരു പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ സമീപത്തായി കൊല്ലപ്പെട്ട ആണ്‍കുട്ടി പടക്കം പൊട്ടിക്കുകയായിരുന്നു. ഇതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പിന്നാലെ ഇതിലൊരാളുടെ പിതാവ് മുന്ന സംഭവത്തില്‍ ഇടപെടുകയായിരുന്നു.
തുടര്‍ന്ന് മുന്ന വീട്ടില്‍ നിന്ന് ഇരുമ്പുവടിയുമായി എത്തി കുട്ടിയെ ആക്രമിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം. കുട്ടികള്‍ തമ്മിലുള്ള തര്‍ക്കം പിന്നീട് ശാരീരിക ഏറ്റുമുട്ടലിലേക്ക് മാറിയതായും ഇതിനിടെയാണ് പിതാവ് മറ്റൊരു കുട്ടിയെ ഇരുമ്പുവടി കൊണ്ട് അടിച്ചതെന്നും പൊലീസ് അറിയിച്ചു.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ ലേഡി ഹാര്‍ഡിങ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ആനന്ദ് പര്‍ബത് പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് മുന്നയെയും കുട്ടികള്‍ തമ്മിലുള്ള ആദ്യ തര്‍ക്കത്തില്‍ ഉള്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു കുട്ടിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ (ആചട) 103(1) വകുപ്പ് പ്രകാരം കൊലക്കുറ്റം ചുമത്തി ആനന്ദ് പര്‍ബത് പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.