കര്‍ഷകന്‍ 5 ലക്ഷം പറമ്പില്‍ കുഴിച്ചിട്ടു. മദ്യപിച്ചതിനാല്‍ സ്ഥലം മറന്നു. 1 കൊല്ലം കഴിഞ്ഞ് കിട്ടിയപ്പോള്‍ കണ്ട കാഴ്ച ആരുടെയും കരളലിയിക്കുന്നതായിരുന്നു
കള്ളന്മാരില്‍ നിന്നും രക്ഷ നേടാനായി പലരും പണം ബാങ്കിലിടാറുണ്ട്. എന്നാല്‍, രാജസ്ഥാനിലെ ഒരു കര്‍ഷകന്‍ അത് തന്റെ കൃഷിയിടത്തില്‍ കുഴിച്ചിടുകയായിരുന്നു. എന്നാല്‍, ആ പണം പിന്നീട് കണ്ടപ്പോള്‍ അയാളുടെ ഹൃദയം തകര്‍ന്നു പോയി.
രാജസ്ഥാനിലെ ബാലോത്ര ജില്ലയിലെ പച്പദ്രയിലെ താമസക്കാരനായ മംഗിലാല്‍ മേഘ്വാള്‍ എന്ന കര്‍ഷകനാണ് കൃഷിയിടത്തില്‍ രഹസ്യമായി 5 ലക്ഷം രൂപ കുഴിച്ചിട്ടത്. ഒരു വര്‍ഷം മുമ്പ് ഒരു സ്ഥലം വിറ്റ വകയിലാണ് മംഗിലാലിന് 5 ലക്ഷം രൂപ ലഭിച്ചത്. ഈ പണമുപയോഗിച്ച് തന്റെ ഫാമില്‍ ഒരു മുറി നിര്‍മ്മിക്കാനായിരുന്നു അദ്ദേഹം കരുതിയിരുന്നത്. എന്നാല്‍, പണം മോഷ്ടിക്കപ്പെടുമെന്നോ കുടുംബാംഗങ്ങള്‍ ചെലവഴിച്ചു കളയുമെന്നോ ഉള്ള ഭയം കാരണം, ആരോടും പറയാതെ പണം ഒളിപ്പിക്കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.
ഒരു രാത്രിയില്‍ മംഗിലാല്‍ മുഴുവന്‍ തുകയും ഒരു പോളിത്തീന്‍ ബാഗിലാക്കി തന്റെ കൃഷിയിടത്തില്‍ ഒരു കുഴിയെടുത്ത് ഒളിപ്പിച്ചു. എന്നാല്‍, മദ്യപിച്ചിരുന്നതിനാല്‍ എവിടെയാണ് കൃത്യമായി പണം കുഴിച്ചിട്ടത് എന്ന് മംഗിലാല്‍ മറന്നുപോയി. തുടര്‍ന്ന്, മുറി നിര്‍മ്മിക്കാനായി പണം ആവശ്യമായി വന്നപ്പോള്‍ താന്‍ പണം കുഴിച്ചിട്ട കൃത്യമായ സ്ഥലം അദ്ദേഹത്തിന് ഓര്‍ത്തെടുക്കാനായില്ല.
ദിവസങ്ങളോളം അദ്ദേഹം പണത്തിനായി തിരച്ചില്‍ നടത്തി. എന്നാല്‍, ആറ് ഏക്കറിലധികം വരുന്ന തന്റെ കൃഷിയിടത്തില്‍ നിന്ന് അത് കണ്ടെത്താനായില്ല. ഒടുവില്‍ അദ്ദേഹം തന്റെ ഭാര്യയോടും മക്കളോടും കുഴിച്ചിട്ട പണത്തെക്കുറിച്ച് പറഞ്ഞു. ആദ്യം അവര്‍ അദ്ദേഹത്തെ വിശ്വസിച്ചില്ലെങ്കിലും പിന്നീട് തിരച്ചിലില്‍ പങ്കുചേര്‍ന്നു. എന്നാല്‍, എത്ര ശ്രമിച്ചിട്ടും സ്ഥലം കണ്ടെത്താന്‍ കഴിയാതെ വന്നതോടെ അവര്‍ ആ ശ്രമം ഉപേക്ഷിച്ചു. ഈ വിവരം അവര്‍ മറ്റാരോടും പറഞ്ഞിരുന്നില്ല.
ഏകദേശം ഒരു വര്‍ഷം കഴിഞ്ഞു. മഴയ്ക്ക് ശേഷം കുടുംബം കൃഷിയിടത്തില്‍ വിത്തുപാകാന്‍ തയ്യാറെടുപ്പുകള്‍ തുടങ്ങി. വ്യാഴാഴ്ച രാത്രി ട്രാക്ടര്‍ ഉപയോഗിച്ച് നിലം ഉഴുതുമറിക്കുന്നതിനിടയിലാണ് കുഴിച്ചിട്ടിരുന്ന ബാഗ് യാദൃശ്ചികമായി പുറത്തേക്ക് വന്നത്. ഇരുട്ടായിരുന്നതിനാല്‍ ആ സമയത്ത് ആരും ഇത് ശ്രദ്ധിച്ചില്ല.
പിറ്റേന്ന് രാവിലെ മംഗിലാലിന്റെ ഭാര്യയും മകനും ചേര്‍ന്ന് കൃഷിയിടത്തിന് ചുറ്റുമുള്ള വേലി ശരിയാക്കുന്നതിനിടയിലാണ് കീറി നശിച്ച നിലയിലുള്ള ബാഗ് കണ്ടത്. അത് തുറന്നപ്പോള്‍, ചിതലുകള്‍ തിന്നു നശിപ്പിച്ച നിലയില്‍ 500 രൂപയുടെ നോട്ടുകളുടെ അവശിഷ്ടങ്ങള്‍ കണ്ട് അവര്‍ ഞെട്ടിപ്പോയി. ഈ നോട്ടുകളും കൊണ്ട് കുടുംബം പച്പദ്രയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ചിലെത്തിയെങ്കിലും ബാങ്ക് അധികൃതര്‍ അത് സ്വീകരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് അവര്‍ ബാലോത്രയിലെ മെയിന്‍ ബ്രാഞ്ചിലെത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ജയ്പൂരിലെ ബാങ്കിനെ സമീപിക്കാന്‍ കുടുംബത്തിന് നിര്‍ദ്ദേശം ലഭിച്ചു. എന്നാല്‍, നിരക്ഷരനും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നയാളുമായ മംഗിലാലിന് നിലവില്‍ ജയ്പൂരിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്നില്ല.
മംഗിലാല്‍ ഇപ്പോള്‍ കടുത്ത വിഷമത്തിലാണ്. സൂക്ഷിച്ചുവെച്ച കീറിയ നോട്ടുകളിലേക്ക് നോക്കിക്കൊണ്ട് അദ്ദേഹത്തിന്റെ ഭാര്യ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞത്, തന്റെ ഭര്‍ത്താവ് ആ സമയത്ത് പണത്തെക്കുറിച്ച് പറഞ്ഞിരുന്നെങ്കില്‍ കുടുംബത്തിന് ഈ വലിയ നഷ്ടം ഒഴിവാക്കാമായിരുന്നു എന്നാണ്.