മുനമ്പത്ത് ബിജെപി നീക്കം പാളിയതിന് പിന്നില്‍ നേതാക്കള്‍ക്കിടയിലെ കിടമല്‍സരവും പക്വതയില്ലായ്മയും. ബിജെപിയുടെ മുമമ്പം പ്രതീക്ഷകള്‍ തകര്‍ന്നത് എങ്ങനെ ?

മുനമ്പത്ത് ബിജെപി നീക്കം പാളിയതിന് പിന്നില്‍ നേതാക്കള്‍ക്കിടയിലെ കിടമല്‍സരവും പക്വതയില്ലായ്മയും. ബിജെപിയുടെ മുമമ്പം പ്രതീക്ഷകള്‍ തകര്‍ന്നത് എങ്ങനെ ?
കൊച്ചി: മുനമ്പത്ത് രാഷ്ട്രീയനേട്ടമുണ്ടാക്കാനുള്ള ബിജെപി നീക്കത്തിന് തിരിച്ചടി. നേതാക്കള്‍ക്കിടയിലെ അമിതാവേശവും കിടമല്‍സരവും ഐക്യമില്ലായ്മയും എന്ന് ആരോപണ മുയരുന്നു.
ഏറെ ആവേശത്തോടെ പ്രശ്‌നത്തില്‍ ഇടപെടുകയും ബിജെപിയുടെ കേന്ദ്രനേതൃത്വത്തെയും കേന്ദ്രമന്ത്രിയേയും വരെ പ്രശ്‌നത്തില്‍ ഇടപെടുവിക്കുകയും ചെയ്തുകൊണ്ട് കത്തോലിക്കാ സഭയുടെ പിന്തുണ ഉറപ്പാക്കാന്‍ ആദ്യഘട്ടത്തില്‍ തന്നെ ബിജെപിക്ക് കഴിഞ്ഞിരുന്നു.
ന്യൂനപക്ഷമോര്‍ച്ചയെ മുന്നില്‍ നിര്‍ത്തി ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനായിരുന്നു തുടക്കത്തില്‍ മുനമ്പം പ്രശ്‌നത്തില്‍ ഇടപെടുകയും സമരത്തെ രാഷ്ട്രീയ ശ്രദ്ധാകേന്ദ്രമാക്കുകയും ചെയ്തത്. സഭാ നേതൃത്വത്തിന്റെ പിന്തുണ നേടാനും ഇതോടെ ബിജെപിക്ക് കഴിഞ്ഞു.
എന്നാല്‍ ആ ഘട്ടത്തില്‍ ജനപക്ഷം പിരിച്ചുവിട്ട് ബിജെപിയിലെത്തിയ ഷോണ്‍ ജോര്‍ജ് പിന്നീട് പെട്ടെന്ന് മുനമ്പം സമരത്തില്‍ മറ്റ് നേതാക്കളെ കടത്തിവെട്ടി ഇടപെടുന്ന സാഹര്യം ഉണ്ടായി.
സഭാ നേതാക്കളെ അങ്ങോട്ട് പോയി കണ്ട് മുനമ്പം പ്രശ്‌നത്തില്‍ ശാശ്വത പരിഹാരം ഉണ്ടാക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം ഇടപെടുന്നു എന്ന പ്രതീതി സൃഷ്ടിച്ചു. മാത്രമല്ല, രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കൊപ്പം കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിനെ കണ്ട് നിവേദനം നല്‍കുക വഴി സമര സമിതി നേതാക്കളുടെ പ്രിയങ്കരനുമായി.
എന്നാല്‍ വക്കഫ് ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കപ്പെട്ടു കഴിഞ്ഞപ്പോഴാണ് വക്കഫ് ബില്ലും മുനമ്പവുമായി യാതൊരു ബന്ധവും ഇല്ലെന്ന് സഭാ നേതൃത്വത്തിനും മുനമ്പംകാര്‍ക്കും ബോധ്യമായത്. അപ്പോഴും കേന്ദ്രമന്ത്രി നേരിട്ട് വരുമെന്ന് പറഞ്ഞ് പ്രതീക്ഷ നല്‍കി.
പക്ഷേ മുനമ്പത്തെത്തിയ കേന്ദ്രമന്ത്രി മുനമ്പംകാരോട് ഉള്ളത് തുറന്നു പറയണം; മുനമ്പംകാര്‍ക്ക് ഭൂമി കിട്ടണമെങ്കില്‍ കോടതിയില്‍ പോകുകയല്ലാതെ രക്ഷയില്ലെന്നാണ് കേന്ദ്രമന്ത്രി തുറന്നു പറഞ്ഞത്. ഇതോടെ നാട്ടിലെ പ്രതിപക്ഷ, ഭരണപക്ഷ പാര്‍ട്ടികളൊക്കെ ആദ്യം മുതല്‍ക്കെ പറഞ്ഞതു തന്നെയാണ് ഇപ്പോള്‍ കേന്ദ്രമന്ത്രി പറഞ്ഞതെന്ന് തെളിഞ്ഞു.
ഇതോടെ മുനമ്പത്ത് ബിജെപി കെട്ടിപ്പൊക്കിയ വലിയ രാഷ്ട്രീയ പ്രതീക്ഷകളാണ് അപ്പാടെ അസ്തമിച്ചത്. മാത്രമല്ല, മുനമ്പം സമരത്തിന്റെ രണ്ടാം ഘട്ടം മുതല്‍ അതിലെ ബിജെപി ഇടപെടല്‍ അമിതാവേശവും അപക്വവുമായിരുന്നു എന്ന വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്. ഷോണ്‍ ജോര്‍ജിന്റെ ഭാഗത്തു നിന്നും ഉണ്ടായ പല നടപടികളും ഇപ്പോള്‍ മുനമ്പത്ത് തിരിച്ചടിയായി എന്ന വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ ശക്തമായി.
മാത്രമല്ല, ഷോണ്‍ ജോര്‍ജ് മുനമ്പം പ്രശ്‌നത്തില്‍ ഇടപെട്ട ശേഷം പാര്‍ട്ടിയില്‍ അതുവരെ സമരത്തിന് നേതൃത്വം നല്‍കിയിരുന്ന ന്യൂനപക്ഷ മോര്‍ച്ചയേയും നേതാക്കളെയും ഉള്‍പ്പെടെ അവഗണിക്കുന്ന സമീപനമായിരുന്നു.
ഷോണ്‍ ജോര്‍ജിന്റെ ഇടപെടല്‍ അപക്വമാണെന്ന് ചൂണ്ടിക്കാട്ടിയ കൊച്ചിയിലെ ന്യൂനപക്ഷ മോര്‍ച്ച നേതാവിനെ ഫോണില്‍ വിളിച്ച് ഷോണ്‍ ജോര്‍ജ് ഭീഷണിപ്പെടുത്തുന്ന ഫോണ്‍കോള്‍ സന്ദേശവും ഇതിനിടെ പുറത്തുവന്നു.
ബിജെപിയില്‍ പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള നേതാവിനെയാണ് മാസങ്ങള്‍ക്ക് മുമ്പ് മാത്രം പാര്‍ട്ടിയിലെത്തിയ ഷോണ്‍ ജോര്‍ജ് ഭീഷണിപ്പെടുത്തിയ സംഭവം ഇതിനിടെ ബിജെപി ദേശീയ നേതൃത്വത്തിനുവരെ പരാതിയായെത്തി.
പാര്‍ട്ടി ഏറെ ഗൗരവത്തോടെയാണ് ഇതിനെ കാണുന്നത്. കേരള കോണ്‍ഗ്രസ് സംസ്‌കാരം ബിജെപിക്ക് ഗുണം ചെയ്യില്ലെന്ന വിമര്‍ശനവും ഇതോടെ ബിജെപിയില്‍ ഉയര്‍ന്നു.
പുതിയ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ചിറകിലേറ്റി കൊണ്ടുവന്ന രണ്ട് ക്രിസ്ത്യന്‍ നേതാക്കള്‍ തമ്മിലുള്ള കിടമല്‍സരമായും മുനമ്പം പ്രശ്‌നം മാറി.