നിലവിലെ വഖഫ് സ്വത്തുക്കളില്‍ മാറ്റം വരുത്തരുത്. വഖഫ് ഹര്‍ജികളില്‍ നിര്‍ണായക ഇടപെടലുമായി സുപ്രീംകോടതി

 
supreme court

ദില്ലി: വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സുപ്രീംകോടതി നിര്‍ണായക നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. വഖഫായി പ്രഖ്യാപിച്ച സ്വത്തുക്കള്‍ ഡീനോട്ടിഫൈ ചെയ്യരുതെന്നാണ് പ്രധാന നിര്‍ദ്ദേശം.

അതായത് ഉപയോഗം വഴിയോ കോടതി ഉത്തരവ് വഴിയോ വഖഫ് ആയ സ്വത്തുക്കള്‍ അതല്ലാതാക്കരുത്. വഖഫ് കൗണ്‍സിലില്‍ എക്‌സ് ഒഫിഷ്യോ അംഗങ്ങള്‍ ഒഴികെയുള്ളവര്‍ മുസ്സിംങ്ങള്‍ തന്നെയാകണം എന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കളക്ടര്‍മാര്‍ക്ക് വഖഫ് ഭൂമികളില്‍ അന്വേഷണം നടത്താം, പക്ഷെ അന്വേഷണം നടക്കുമ്പോള്‍ വഖഫ് സ്വത്തുക്കള്‍ അതല്ലാതാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ഇന്ന് ഇടക്കാല ഉത്തരവിലേക്ക് സുപ്രീം കോടതി നീങ്ങിയെങ്കിലും നാളെ കൂടി വാദം കേട്ട ശേഷം നാളെ ഇടക്കാല ഉത്തരവിറക്കാം എന്ന് വ്യക്തമാക്കുകയായിരുന്നു.

ഉപയോഗം വഴി വഖഫ് ആയവ അതല്ലാതെ ആക്കിയാല്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ആശങ്കപ്പെടുന്നതായി കോടതി അഭിപ്രായപ്പെട്ടു. വ്യാഴാഴ്ച രണ്ടുമണിക്ക് ഹര്‍ജികളില്‍ വീണ്ടും വാദം കേള്‍ക്കും. വഖഫ് ബില്ലില്‍ ഇടക്കാല ഉത്തരവ് ഇന്നിറക്കരുതെന്ന കേന്ദ്ര നിര്‍ദ്ദേശം അംഗീകരിച്ചാണ് സുപ്രീംകോടതി നാളെയും വാദം കേള്‍ക്കാം എന്ന് വ്യക്തമാക്കിയത്. 

ഹര്‍ജിക്കാരില്‍ മൂന്ന് അഭിഭാഷകര്‍ക്ക് മാത്രമേ വാദിക്കാനാകൂ എന്നും കോടതി വ്യക്തമാക്കി. വഖഫ് ഭൂമി ഡീനോട്ടിഫൈ ചെയ്യുമോ എന്നതാണ് പ്രധാന ആശങ്കയെന്നും സുപ്രീംകോടതി വിവരിച്ചു. വഖഫ് ഭേദഗതിയുമായി ബന്ധപ്പെട്ട് മുര്‍ഷിദാബാദിലുണ്ടായ സംഘര്‍ഷത്തിലും ആശങ്ക രേഖപ്പെടുത്തി.

നേരത്തെ ഹര്‍ജികളില്‍ ആദ്യം വാദം തുടങ്ങിയത് മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലായിരുന്നു. മതപരമായ ആചാരങ്ങള്‍ പാലിക്കാന്‍ ഭരണഘടന അവകാശം നല്‍കുന്നുവെന്ന് ചൂണ്ടികാട്ടിയ സിബല്‍, ഓരോ മതത്തിനും അതിന്റെ കാര്യങ്ങള്‍ നടപ്പാക്കാന്‍ അതത് മതക്കാര്‍ക്കാണ് അധികാരം എന്നും വിവരിച്ചു. ഭരണഘടനയിലെ അനുഛേദം 26 ഇതിന് അധികാരം നല്‍കുന്നു. പാര്‍ലമെന്റ് നിയമത്തിലൂടെ ഒരു മതത്തിന്റെ ആചാരത്തില്‍ ഇടപെട്ടത് ശരിയല്ലെന്നും സിബല്‍ വാദിച്ചു.

ഇസ്ലാം മതത്തിലെ ആനി വാര്യമായ ആചാരമാണ് വഖഫ്. അഞ്ച് വര്‍ഷമായി മുസ്ലിം മതം ആചരിക്കുന്നു എന്ന നിബന്ധന ഇത് അംഗീകരിക്കാന്‍ ആകില്ല. ആചാരം എങ്ങനെ നടത്തണമെന്ന് പറയാന്‍ സര്‍ക്കാരിന് എന്ത് അധികാരമെന്നും അദ്ദേഹം ചോദിച്ചു. വഖഫിന്റെ സ്വത്ത് സര്‍ക്കാര്‍ നോക്കി നടത്തേണ്ടതില്ല, മുസ്ലീം മതത്തിന് അതിന് കഴിയുമെന്നും ലീഗിന് വേണ്ടി കോടതിയിലെത്തിയ കപില്‍ സിബല്‍ വാദിച്ചു. വഖഫ് ആരാണ് തുടങ്ങിയതെന്ന് കോടതിക്ക് പറയാന്‍ ആകുമോ എന്നും സിബല്‍ ചോദിച്ചു.
 

Tags

Share this story

From Around the Web