ന്യൂയോർക്കിൽ സംഘടിപ്പിക്കുന്ന “മലയാളീ ”വള്ളംകളിയുടെ ആവേശപ്പോര്; രാജൻ മാരേട്ട് മെമ്മോറിയൽ എവർ റോളിങ് ട്രോഫിക്കായി പോരാട്ടം

 
boat race

ന്യൂയോർക്ക്: കേരളത്തിന്റെ വള്ളംകളിപ്പെരുമയും പുന്നമടക്കായലിലെ നെഹ്റു ട്രോഫി മത്സരത്തിന്റെ ആവേശവും അമേരിക്കൻ മണ്ണിലെത്തിയ്ക്കുന്ന മലയാളീ ബോട്ട് റേസ് ഒക്ടോബർ 25-ന് ലോങ് ഐലൻഡിലെ നോർത്ത് ഹെംപ്സ്റ്റെഡ് ബീച്ച് പാർക്കിൽ അരങ്ങേറും. 

ഉച്ചയ്ക്ക് ഒന്നിന് ആരംഭിക്കുന്ന മത്സരത്തിനും അനുബന്ധ കലാപരിപാടികൾക്കുമുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്.

ബോട്ട് റേസിന്റെ മെഗാ സ്പോൺസറും ചീഫ് പേട്രണുമായി ജോയ് മെക്കാട്ട് രംഗത്തുണ്ട്.

ഷിനു ജോസഫാണ് പ്ലാറ്റിനം സ്പോൺസർ. മത്സരത്തിന്റെ ജനറൽ കൺവീനറായും ഷിനു ജോസഫ് പ്രവർത്തിക്കുന്നു.

മത്സരത്തിലെ വിജയികൾക്കായി ആകർഷകമായ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ഒന്നാം സ്ഥാനത്തെത്തുന്ന ടീമിന് ലീല മാരേട്ട് സ്പോൺസർ ചെയ്യുന്ന രാജൻ മാരേട്ട് മെമ്മോറിയൽ എവർ റോളിങ് ട്രോഫി സമ്മാനിക്കും.

ഇതിനുപുറമേ ഒന്നാം സ്ഥാനക്കാർക്ക് 1,000 ഡോളറും രണ്ടാം സ്ഥാനക്കാർക്ക് 500 ഡോളറും മൂന്നാം സ്ഥാനക്കാർക്ക് 250 ഡോളറും ക്യാഷ് പ്രൈസായി ലഭിക്കും.

പരിപാടിയുടെ വിജയത്തിനായി അമേരിക്കയിലെ വിവിധ മലയാളി സംഘടനകളും അസോസിയേഷനുകളും കൈകോർക്കുന്നുണ്ട്.

കേരള സെന്റർ, NYMA, MALI, IAMALI, YMA, HUDMA, MSNY, LIMCA, NBA, SNA, പയനിയർ ക്ലബ് എന്നിവയാണ് പിന്തുണയുമായി രംഗത്തുള്ളത്.

ഇതുവരെ അഞ്ച് ടീമുകൾ മത്സരത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഉച്ചയ്ക്ക് ഒന്നിന് വള്ളങ്ങളുടെ പരിശീലനം ആരംഭിക്കും.

തുടർന്ന് മത്സരങ്ങൾ നടത്തുകയും വൈകിട്ട് 4.30-ഓടെ പരിപാടികൾ സമാപിയ്ക്കും.

ചെണ്ടമേളവും സംഗീതവിരുന്നുമായി കേരളീയ ആഘോഷം

വള്ളംകളിയുടെ ആവേശത്തിനൊപ്പം കലാപരിപാടികളും ആഘോഷത്തിന് മാറ്റുകൂട്ടും.

നാൽപ്പതോളം കലാകാരന്മാർ അണിനിരക്കുന്ന ചെണ്ടമേളം, സംഗീതവിരുന്ന്, നൃത്തപരിപാടികൾ, വിവിധ വാദ്യമേളങ്ങൾ എന്നിവ കേരളീയ ഉത്സവാന്തരീക്ഷം സൃഷ്ടിക്കും.

രുചികരമായ ഭക്ഷണവിഭവങ്ങളുമായി വിവിധ ഫുഡ് സ്റ്റാളുകളും സജ്ജീകരിക്കുന്നുണ്ട്.

കായികമത്സരവും കലാവിരുന്നും ഭക്ഷണവൈവിധ്യവും ഒത്തുചേരുന്നതിനാൽ കുടുംബസമേതം ആസ്വദിക്കാവുന്ന ആഘോഷമായിരിക്കും വള്ളംകളി.

ന്യൂയോർക്കിലെ മലയാളികൾക്കായി സംഘടിപ്പിക്കുന്ന ഈ വള്ളംകളിയെ കേരളത്തിന്റെ സാംസ്കാരിക പൈതൃകവും പ്രവാസി മലയാളികളുടെ ഐക്യവും വിളിച്ചോതുന്ന ശ്രദ്ധേയമായ കൂട്ടായ്മയാക്കി മാറ്റാനാണ് സംഘാടകരുടെ ശ്രമം.

കോർഡിനേറ്റർമാർ, കൺവീനർമാർ, മെഡിക്കൽ ടീം അംഗങ്ങൾ എന്നിവരടക്കം 41 പേരടങ്ങുന്ന വിപുലമായ കമ്മിറ്റി പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു.

ഒക്ടോബർ 25-ന് നോർത്ത് ഹെംപ്സ്റ്റെഡ് ബീച്ച് പാർക്കിൽ നടക്കുന്ന വള്ളംകളിയിൽ പങ്കെടുക്കാനും ആവേശകരമായ മത്സരങ്ങളും കലാപരിപാടികളും ആസ്വദിക്കാനും രുചികരമായ ഭക്ഷണവിഭവങ്ങൾ നുകരാനും ന്യൂയോർക്കിലെയും സമീപപ്രദേശങ്ങളി ലെയും മലയാളികൾ കുടുംബസമേതം എത്തിച്ചേരണമെന്ന് സംഘാടകർ അഭ്യർഥിച്ചു

Tags

Share this story

From Around the Web