വ്യാജമദ്യക്കേസിൽ ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവിന്റെ മൊഴിയെടുക്കാൻ എക്സൈസ് സംഘം വീട്ടിലെത്തി. ലില്ലി ജോസ് സ്ഥലത്തില്ലാത്തതിനാൽ നടപടി വൈകി. വീട് മറ്റൊരാളുടെ പേരിലെന്ന ആന്റോയുടെ വാദം തള്ളി പ്രോസിക്യൂഷൻ
സുൽത്താൻ ബത്തേരി: വാഴവറ്റയിലെ വീട്ടിൽനിന്ന് വൻതോതിൽ വ്യാജമദ്യ ശേഖരം കണ്ടെടുത്ത സംഭവത്തിൽ റിപ്പോർട്ടർ ചാനൽ എം.ഡി ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് ലില്ലി ജോസിന്റെ മൊഴിയെടുക്കാൻ എക്സൈസ് സംഘം വീട്ടിലെത്തി.
മദ്യം കണ്ടെത്തിയ വീട് ഭാര്യാമാതാവിന്റെ പേരിലാണെന്നായിരുന്നു ആന്റോയുടെ പ്രധാന വാദം. എന്നാൽ എക്സൈസ് സംഘം എത്തിയ സമയത്ത് ലില്ലി വീട്ടിൽ ഇല്ലാതിരുന്നതിനാൽ മൊഴിയെടുക്കൽ പൂർത്തിയാക്കാനായില്ല.
കേസിൽ നേരത്തെ ലില്ലി ജോസ് മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും കൽപ്പറ്റ സെഷൻസ് കോടതി അത് തള്ളിയിരുന്നു.
വീട് ലില്ലിയുടെ ഉടമസ്ഥതയിലാണെന്നും പിന്നീട് കോടതി വ്യവഹാരങ്ങളെത്തുടർന്ന് കൈവശാവകാശം മറ്റൊരാളിലേക്ക് മാറിയെന്നുമാണ് ആന്റോ അഗസ്റ്റിൻ കോടതിയിൽ ബോധിപ്പിച്ചത്.
എന്നാൽ ഈ വാദം എക്സൈസ് പൂർണ്ണമായി തള്ളി. ആന്റോയുടെ വാദങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്ന നിർണ്ണായക രേഖകൾ പ്രോസിക്യൂഷൻ നേരത്തെ കോടതിയിൽ ഹാജരാക്കിയിരുന്നു.
അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരുമെന്ന പേരിൽ നടത്തിയ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ റെയ്ഡിലാണ് വയനാട്ടിലെ വീട്ടിൽനിന്ന് 67 ലിറ്ററിലധികം മദ്യശേഖരം യാദൃച്ഛികമായി കണ്ടെടുത്തത്.
43 ലിറ്റർ വിദേശ മദ്യം, 4.824 ലിറ്റർ വിദേശനിർമ്മിത വൈൻ, അഞ്ചര ലിറ്റർ കേരള നിർമ്മിത വൈൻ, 860 മില്ലിലിറ്റർ മിലിട്ടറി മദ്യം എന്നിവയാണ് പരിശോധനയിൽ പിടിച്ചെടുത്തത്.
തുടർന്ന് അബ്കാരി നിയമത്തിലെ 55 (i), 55 (a) ഉൾപ്പെടെയുള്ള കർശന വകുപ്പുകൾ ചുമത്തി എക്സൈസ് ആന്റോ അഗസ്റ്റിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. അനധികൃതമായി മദ്യം സൂക്ഷിച്ചു, വിൽപ്പനയ്ക്കായി കൈവശം വെച്ചു, വ്യാജമദ്യമായി കണക്കാക്കാവുന്ന വസ്തുക്കൾ ശേഖരിച്ചു എന്നീ ഗുരുതര കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.