വിനിമയ നിരക്ക് കുതിച്ചുയർന്നു; പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കാൻ നല്ല സമയം

മസ്കത്ത്: ഒമാനിൽ ഒരു ഇടവേളക്ക് ശേഷം വിനിമയ നിരക്ക് വീണ്ടും കുതിച്ചുയർന്നു. ബുധനാഴ്ച ഒരു ഒമാനി റിയാലിന് 226.25 രൂപ എന്ന നിരക്കാണ് വിവിധ വിനിമയ സ്ഥാപനങ്ങള്‍ നല്‍കിയത്. ഇത് പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയയ്ക്കാന്‍ പറ്റിയ അവസരമാണ്.
അതേസമയം കറൻസികളുടെ നിരക്കുകൾ കാണിക്കുന്ന അന്താരാഷ്ട്ര പോർട്ടലായ എക്സ് ഇ കറൻസി കൺവെർട്ടർ ഒരു റിയാലിന്റെ വിനിമയ നിരക്ക് 228 രൂപയിലധികമാണ് ബുധനാഴ്ച കാണിച്ചത്. വിനിമയ നിരക്ക് ഇത്തരത്തില്‍ ഉയര്‍ന്ന നിരക്കില്‍ നിലനില്‍ക്കുകയാണെങ്കില്‍ വലിയ നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.
ശമ്പളം ലഭിച്ച് തുടങ്ങുന്നതോടെ വരും ദിവസങ്ങളില്‍ പണം അയയക്കാന്‍ ആളുകളുടെ തിരക്കേറുമെന്നാണ് പണമിടപാട് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ പറയുന്നത്. ജൂൺ 20ന് വിനിമയനിരക്ക് 225ൽ എത്തിയിരുന്നു. പിന്നീട് പല ദിവസങ്ങളിലായി വിനിമയ നിരക്ക് താഴ്ന്ന നിലയിലായിരുന്നു.