കൊച്ചി കായലില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബോട്ടിന്റെ യന്ത്രം നിലച്ചു. നിയമം ലംഘിച്ചെന്ന് കണ്ടെത്തല്‍
കൊച്ചി: മരട് കായലില്‍ സര്‍വീസിനിടെ വിനോദസഞ്ചാര ബോട്ടിന്റെ യന്ത്രം തകരാറിലായി നിയന്ത്രണം നഷ്ടപ്പെട്ടു.
വിദേശ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബ്ലൂ മറൈന്‍ എന്ന സ്വകാര്യ കമ്പനിയുടെ ബോട്ടാണ് ഇന്നലെ വൈകുന്നേരം ആറ് മണിയോടെതകരാറിലായത്.
കായല്‍ മധ്യത്തില്‍ നിയന്ത്രണം വിട്ട് ഒഴുകി നടന്ന ബോട്ടിലെ സഞ്ചാരികള്‍ പരിഭ്രാന്തരായെങ്കിലും, മറ്റൊരു ബോട്ട് എത്തി യന്ത്രം ശരിയാക്കിയ ശേഷം ഇവരെ സുരക്ഷിതമായി കരക്കെത്തിക്കുകയായിരുന്നു.
സംഭവത്തില്‍ ബോട്ട് ഉടമകള്‍ ഗുരുതരമായ നിയമലംഘനം നടത്തിയതായി അധികൃതര്‍ കണ്ടെത്തി.
വിനോദസഞ്ചാര ബോട്ടുകള്‍ വൈകുന്നേരം ആറ് മണിക്ക് ശേഷം സര്‍വീസ് നടത്തരുതെന്ന സര്‍ക്കാര്‍ നിര്‍ദേശം ബോട്ട് ലംഘിച്ചു.
ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ സര്‍വീസ് നടത്തിയതിന് കഴിഞ്ഞ മാസം 30-ന് കൊടുങ്ങല്ലൂര്‍ പോര്‍ട്ട് ഉദ്യോഗസ്ഥര്‍ ഈ ബോട്ടിന് പിഴ ചുമത്തിയിരുന്നു. സര്‍വീസ് സമയം ലംഘിച്ചതാണ് പ്രധാന വീഴ്ചയെന്ന് മുനിസിപ്പല്‍ അധികൃതര്‍ ചൂണ്ടിക്കാണിച്ചു.
മരട് മുനിസിപ്പല്‍ പരിധിയിലെ എല്ലാ വിനോദസഞ്ചാര ബോട്ടുകളിലും അടിയന്തര പരിശോധന നടത്താന്‍ മുനിസിപ്പല്‍ സെക്രട്ടറി ഇ. നാസിം ഉത്തരവിട്ടു.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.