തെരഞ്ഞെടുപ്പ് കമ്മീഷന്റേത് പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് മാത്രം; ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ ഭാഗത്തുനിന്ന് വരുന്ന മറുപടിയല്ലിത്’: വി എസ് സുനില്‍ കുമാര്‍

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വി എസ് സുനില്‍കുമാര്‍ രംഗത്ത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തു നിന്നും ഇന്ന് ഉണ്ടായത് പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് മാത്രമാണെന്നും ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ ഭാഗത്തുനിന്ന് വരുന്ന മറുപടിയല്ലിതെന്നും സുനില്‍ കുമാര്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വിഷയങ്ങളിലെ മെറിറ്റിലേക്ക് ഇലക്ഷന്‍ കമ്മീഷന്‍ പോയില്ല. രാജ്യത്ത് ഉയര്‍ന്നുവന്ന പരാതികളെ കുറിച്ചുള്ള വിഷയത്തില്‍ ആയിരുന്നു മറുപടി പറയേണ്ടിയിരുന്നത്. തൃശ്ശൂര്‍ മണ്ഡലത്തില്‍ അല്ലാത്ത ആളുകള്‍ തൃശൂര്‍ മണ്ഡലത്തിലെ ജനപ്രതിനിധിയെ തിരഞ്ഞെടുത്തു.എന്നാല്‍ അതേക്കുറിച്ച് കമ്മീഷന്‍ ഒന്നും പറഞ്ഞില്ലെന്നും സുനില്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു. ഇലക്ഷന്‍ കമ്മീഷന്‍ സര്‍ക്കാരിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് അല്ല.പ്രതിപക്ഷ നേതാവ് രാഷ്ട്രീയം കളിക്കുന്നുവെന്ന സ്റ്റേറ്റ്‌മെന്റ് കേട്ടാല്‍ ഭരണകക്ഷിയിലെ ഒരു മന്ത്രി നല്‍കിയ മറുപടി പോലെയുണ്ടെന്നും സുനില്‍ കുമാര്‍ പറഞ്ഞു.
രാവിലെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കുമെന്ന് പറയുന്നു.
പിന്നാലെ ഇലക്ഷന്‍ കമ്മീഷന്‍ മറുപടി നല്‍കുന്നു. സര്‍ക്കാര്‍ പറയുന്നത് അനുസരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതുപോലെയാണ് കാര്യങ്ങള്‍ പോകുന്നത്.
ഇലക്ഷന്‍ കമ്മീഷന്‍ എന്താണ് പറയാന്‍ പോകുന്നതെന്നുള്ള മുന്‍കൂട്ടിയുള്ള ആത്മവിശ്വാസ പ്രകടനമാണ് രാവിലെ സുരേഷ് ഗോപി നടത്തിയത്.എപ്പോള്‍ സുപ്രീംകോടതിയില്‍ പോണം എന്നുള്ള കാര്യങ്ങള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കറിയാം. കോടതിയില്‍ പോകേണ്ട കാര്യം പഠിപ്പിക്കാന്‍ സുരേഷ് ഗോപി വരേണ്ട എന്നും സുനില്‍ കുമാര്‍ പറഞ്ഞു.
സുരേഷ് ഗോപിയുടെ ഭാഗത്തുനിന്നും ഉണ്ടായ വാനരന്‍ പ്രയോഗം സ്ഥാനത്തിന് യോജിച്ച പ്രതികരണം അല്ലെന്നും സുനില്‍ കുമാര്‍ പറഞ്ഞു.വ്യക്തി എന്ന നിലയില്‍ അല്ലെങ്കില്‍ പോലും അദ്ദേഹത്തിന്റെ സ്ഥാനത്തെയെങ്കിലും മാനിക്കാന്‍ തയ്യാറാകണം.
സുരേഷ് ഗോപിക്ക് എതിരെ ഉയരുന്ന ആരോപണങ്ങളില്‍ കൃത്യമായ മറുപടി പറയാന്‍ കഴിയുന്നില്ലെങ്കില്‍ തെറിവാക്ക് പറയുകയല്ല വേണ്ടതെന്നും സുനില്‍ കുമാര്‍ പറഞ്ഞു.