ഈസ്റ്റര്‍ മുട്ടയാണ് താരം. ചരിത്രം അറിയുമോ ?

 
easter eggs

കുരിശിലേറിയ യേശു ഉയര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മപുതുക്കി വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കുകയാണ്. ഈസ്റ്റര്‍ അപ്പം, ഈസ്റ്റര്‍ മുട്ടകള്‍ എന്നിവയാണ് അന്നത്തെ ദിവസം വിശ്വാസികള്‍ തയ്യാറാക്കുന്നത്. അതില്‍ വര്‍ണ്ണശബളമായ ഈസ്റ്റര്‍ മുട്ടയാണ് താരം. 

ഈസ്റ്റര്‍ കാലമായി കഴിഞ്ഞാല്‍ നിരത്തുകളിലും, കടകളിലുമെല്ലാം ഈസ്റ്റര്‍ മുട്ടകള്‍ വിപണി കീഴടക്കും. പലതരം നിറങ്ങളില്‍ അലങ്കരിച്ച ഈസ്റ്റര്‍ മുട്ടകള്‍ ആഘോഷങ്ങള്‍ക്ക് ഊഷ്മളതയും പകരുന്നു. നമ്മുടെ സുഹൃത്തുക്കള്‍ക്കും, അയല്‍വാസികള്‍ക്കുമെല്ലാം നാം ഈസ്റ്റര്‍ മുട്ടകള്‍ സമ്മാനിക്കാറുണ്ട്. 


ചരിത്രം

പലനാടുകളില്‍ പല വിശ്വാസമാണ് ഈസ്റ്റര്‍ മുട്ടയുമായി ബന്ധപ്പെട്ടുള്ളത്. പുരാതന കാലത്തെ മൊസപ്പൊട്ടോമിയയിലെ ക്രിസ്തീയ വിശ്വാസികളുടെ ഇടയിലാണ് ഈസ്റ്റര്‍ മുട്ടകള്‍ ആചാരമായി തുടങ്ങിയത്. പിന്നീട് അതു മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു. വസന്തകാല ആഘോഷങ്ങളുടെ ഭാഗമായി മുട്ടത്തോടുകള്‍ അലങ്കരിക്കുന്നത് ആയിരക്കണക്കിനു വര്‍ഷം മുന്‍പു തന്നെ നിലവിലുണ്ടായിരുന്നു. ഇതു പിന്നീടു വസന്തകാലത്തു നടക്കുന്ന ഈസ്റ്റര്‍ ആഘോഷത്തിലേക്കും എത്തുകയായിരുന്നുവെന്നു പറയപ്പെടുന്നു.

ഈസ്റ്റര്‍ ബണ്ണിയെന്ന മുയലുകളാണ് ഈ മുട്ട കൊണ്ടുവരുന്നതെന്നാണ് അമേരിക്കയിലും കാനഡയിലും കുട്ടികള്‍ക്കിടയിലെ കൗതുകക്കഥ. ബ്രിട്ടനില്‍ 15 ാം നൂറ്റാണ്ടു മുതല്‍ തന്നെ ഈസ്റ്റര്‍ ദിവസം രാവിലെ അരിമാവു കൊണ്ടും പഞ്ചസാരകൊണ്ടും ഉണ്ടാക്കിയ മുട്ടകള്‍ രാവിലത്തെ പ്രാര്‍ത്ഥനയ്ക്കു ശേഷം വിതരണം ചെയ്യുന്ന പതിവുണ്ടായിരുന്നു. ഈസ്റ്റര്‍ ദിനത്തില്‍ രാവിലെ വീട്ടുകാര്‍ മുട്ടകള്‍ കുട്ടികള്‍ക്കായി ഒളിപ്പിച്ചുവയ്ക്കും. ഇതുപോലെ ഈസ്റ്റര്‍ രാത്രിയിലെ ചടങ്ങുകള്‍ക്കു ശേഷം ചില പള്ളികളില്‍ ഈസ്റ്റര്‍ മുട്ട ആശീര്‍വദിച്ച് വിശ്വാസികള്‍ക്കു വിതരണം ചെയ്യാറുമുണ്ട്.


ഈസ്റ്റര്‍ മുട്ടകള്‍ തയാറാക്കുന്നത്

രണ്ടു വിധത്തില്‍ ഈസ്റ്റര്‍ മുട്ടകള്‍ ഉണ്ടാക്കാറുണ്ട്. കോഴിയുടെയോ താറാവിന്റെയോ മുട്ട തിളപ്പിച്ചു പുറന്തോടില്‍ ചായങ്ങള്‍ പൂശി ആകര്‍ഷകമാക്കിയെടുക്കുന്നതാണ് പരമ്പരാഗത രീതിയിലുള്ള ഈസ്റ്റര്‍ മുട്ട. പിന്നീട് ചോക്ലേറ്റ് മുട്ടകളും പ്ലാസ്റ്റിക് മുട്ടകളും ഒക്കെ പ്രചാരത്തില്‍ വന്നു. അതിനകത്ത് മിഠായികളോ ചോക്ലേറ്റുകളോ നിറച്ചു ഭംഗിയുള്ള വര്‍ണക്കടലാസുകളില്‍ പൊതിയും.

വിവിധ തരം ഈസ്റ്റര്‍ മുട്ടകളും അവയുടെ അര്‍ത്ഥവും

ഈസ്റ്റര്‍ മുട്ടകളില്‍ ചുവപ്പ് മുട്ടകള്‍ക്കു പ്രത്യേക പ്രാധാന്യമുണ്ട്. ക്രിസ്തുവിന്റെ രക്തത്തിന്റെ ഓര്‍മയ്ക്കായാണ് ചുവപ്പു മുട്ടകള്‍ ഉണ്ടാക്കുന്നത്. അകം പൊള്ളയായ മുട്ടകളും കൈമാറാറുണ്ട്. ക്രിസ്തുവിന്റെ ഉയിര്‍പ്പിനു ശേഷമുള്ള ഒഴിഞ്ഞ കല്ലറകളെ സൂചിപ്പിക്കുന്നതിനാണിത്. ഉള്ളിത്തൊലി, ബീറ്റ് റൂട്ട്, പൂക്കള്‍ തുടങ്ങിയ പ്രകൃതിദത്ത വസ്തുക്കളാണ് നിറം നല്‍കാന്‍ ആദ്യകാലങ്ങളില്‍ ഉപയോഗിച്ചിരുന്നത്. പിന്നീടിത് കൃത്രിമ നിറങ്ങള്‍ക്കു വഴിമാറി. മുട്ടകള്‍ക്കു മുകളില്‍ ഈസ്റ്ററിന്റെ സന്ദേശവും രേഖപ്പെടുത്തും.

കുട്ടികളാണ് ഈസ്റ്റര്‍ മുട്ടയുടെ ആരാധകര്‍. കുട്ടികള്‍ക്കായി, ഒളിപ്പിച്ചു വയ്ക്കുന്ന മുട്ട തിരഞ്ഞു കണ്ടുപിടിക്കുന്ന ഈസ്റ്റര്‍ എഗ് ഹണ്ട് പോലുള്ള കളികളുമുണ്ട്. ആഘോഷ വേളയെ കൊഴുപ്പിക്കാന്‍ എഗ് റോളിങ്, എഗ് ഡാന്‍സിങ് പോലെ വിവിധ കളികളും ഈസ്റ്റര്‍ മുട്ട ഉപയോഗിച്ച് നടത്താറുണ്ട്.

Tags

Share this story

From Around the Web