വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്കു മുകളില്‍ നടന്ന ഡ്രോണ്‍ ഷോ കാഴ്ചക്കാര്‍ക്ക് കൗതുകമായി

​​​​​​​

 
drone

വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്കു മുകളില്‍ നടന്ന ഡ്രോണ്‍ ഷോ കാഴ്ചക്കാര്‍ക്ക് കൗതുകമായി. മനുഷ്യസാഹോദര്യത്തെക്കുറിച്ചുള്ള മൂന്നാം ലോക സമ്മേളനത്തിന്റെ സമാപനമായ ഗ്രേസ് ഫോര്‍ ദി വേള്‍ഡ് എന്ന വമ്പിച്ച സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ പതിനായിരക്കണക്കിന് ആളുകള്‍ ഒത്തുകൂടിയപ്പോഴായിരിന്നു ഡ്രോണ്‍ ഷോയും നടന്നത്. 


മൂവായിരത്തിലധികം ഡ്രോണുകളാണ് ബസിലിക്കയ്ക്ക് മുകളിലുള്ള രാത്രി ആകാശത്തെ പ്രകാശിപ്പിച്ചത്. വത്തിക്കാന്റെ ചരിത്രത്തിലെ ആദ്യത്തെ ഡ്രോണ്‍ ഷോയാണ് കഴിഞ്ഞ ശനിയാഴ്ച നടന്നതെന്നതും ശ്രദ്ധേയമാണ്.

ദൈവമാതാവ്, ഫ്രാന്‍സിസ് മാര്‍പാപ്പ, മൈക്കലാഞ്ചലോയുടെ ചിത്രങ്ങള്‍ തുടങ്ങീ വിവിധങ്ങളായ രൂപങ്ങളാണ് വത്തിക്കാന്റെ ആകാശത്തിന് മുകളില്‍ വിരിഞ്ഞത്. ഓരോ ഡ്രോണ്‍ വിന്യാസവും പൂര്‍ത്തിയാകുമ്പോള്‍ നിറഞ്ഞ കൈയടിയോടെയാണ് ജനക്കൂട്ടം ദൃശ്യവിസ്മയത്തെ വരവേറ്റത്. 


മൈക്കലാഞ്ചലോയുടെ സുപ്രസിദ്ധമായ ആദത്തിന്റെ സൃഷ്ടിയിലെ കൈകള്‍, സമാധാനത്തിന്റെ സ്മാരക പ്രാവ്, സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ സ്ഥാപിച്ചിരിക്കുന്ന മൈക്കലാഞ്ചലോയുടെ പ്രശസ്തമായ പിയത്താ രൂപം തുടങ്ങീ അനേകം ദൃശ്യങ്ങളാണ് കാണികള്‍ക്ക് ഒരുക്കിയിരിന്നത്.


ഫ്രാന്‍സിസ് മാര്‍പാപ്പ ഏറെ വിലമതിച്ചിരിന്ന, പാപ്പയെ അടക്കം ചെയ്ത ദേവാലയമായ സെന്റ് മേരി മേജര്‍ ബസിലിക്കയിലെ സാലുസ് പോപ്പുലി റൊമാനി രൂപവും ഡ്രോണ്‍ ഷോയില്‍ ഉള്‍പ്പെടുത്തിയിരിന്നു. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ അരങ്ങേറിയ താരനിബിഡമായ സംഗീത മേള രാത്രിയിലെ പരിപാടിയുടെ ഭാഗമായിരിന്നു. ഫാരെല്‍ വില്യംസും ആന്‍ഡ്രിയ ബോസെല്ലിയും ചേര്‍ന്നാണ് സംഗീത പരിപാടി സംവിധാനം ചെയ്തത്. കൊളംബിയന്‍ സൂപ്പര്‍സ്റ്റാര്‍ കരോള്‍ ജി, ആര്‍ & ബി ഇതിഹാസം ജോണ്‍ ലെജന്‍ഡ്, ഹിപ്-ഹോപ്പ് ടീമായ ക്ലിപ്‌സെ, പ്രശസ്ത ആഫ്രിക്കന്‍ വോക്കലിസ്റ്റ് ആഞ്ചലിക് കിഡ്ജോ തുടങ്ങി നിരവധി പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിച്ചിരിന്നു.

Tags

Share this story

From Around the Web