തരം താഴ്ത്തല്‍ നടപടി പുനഃപരിശോധിക്കണം; സിപിഎം കേന്ദ്ര കമ്മിറ്റിക്ക് കത്തയച്ച് പി.പി ദിവ്യ, പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി രണ്ട് വര്‍ഷമായിട്ടും നീതി ലഭിച്ചില്ലെന്നും ദിവ്യ
കണ്ണൂര്‍: തരം താഴ്ത്തല്‍ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം കേന്ദ്ര കമ്മിറ്റിക്ക് കത്തയച്ച് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി ദിവ്യ. വര്‍ഗ്ഗ-ബഹുജന സംഘടനകളില്‍ നിന്ന് ഒഴിവാക്കിയത് എന്തിനെന്നും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി രണ്ട് വര്‍ഷമായിട്ടും നീതി ലഭിച്ചില്ലെന്നും ദിവ്യ കത്തില്‍ പറയുന്നു.
കത്തിന് പിന്നാലെ പി.പി ദിവ്യയെ സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി ഫോണില്‍ വിളിച്ചു. തുടര്‍ന്ന് സംസ്ഥാന നേതൃത്വത്തിന് പരാതി കൈമാറുകയും ചെയ്തു. ദിവ്യയുടെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സംസ്ഥാന നേതൃത്വമാണെന്നാണ് കേന്ദ്ര കമ്മിറ്റിയുടെ നിലപാട്.
കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിനുള്ള യാത്രയയപ്പ് സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി ദിവ്യ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയായിരുന്നു നവീന്‍ ബാബുവിന്റെ മരണം.
തുടര്‍ന്ന് സിപിഎം പ്രതിരോധത്തിലാവുകയും ദിവ്യക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനമടക്കം നഷ്ടമാവുകയും ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് കുടുംബത്തിന്റെ ആരോപണം ശക്തമായതോടെ പാര്‍ട്ടി വെട്ടിലാകുകയായിരുന്നു. ഇതിനുപിന്നാലെ ദിവ്യ ഏതാനും ദിവസം ജയില്‍വാസം അനുഭവിക്കുകയും ചെയ്തു.