കഞ്ചാവ് കഴിച്ച് നായയുടെ ബോധം നഷ്മായി.കാലുകളുടെ ചലനശേഷി പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. ഇപ്പോള്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം പൂര്‍ണ ആരോഗ്യവാന്‍
സ്‌കോട്ട്‌ലന്‍ഡ്: സ്‌കോട്ട്‌ലന്‍ഡിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ബെന്‍ നെവിസില്‍ നിന്ന് ഗുരുതരാവസ്ഥയിലായ 'ടോക്കിയോ' എന്ന നായയെ രക്ഷാപ്രവര്‍ത്തകര്‍ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.
ട്രെക്കിംഗിനിടെ അബോധാവസ്ഥയിലായ ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട നായയെ 'ലോഹാബര്‍ മൗണ്ടന്‍ റെസ്‌ക്യൂ ടീം' സ്‌ട്രെച്ചറിലാണ് താഴെയെത്തിച്ചത്. വഴിയില്‍ ആരോ ഉപേക്ഷിച്ച കഞ്ചാവ് കഴിച്ചതാകാം നായയുടെ നില വഷളാകാന്‍ കാരണമെന്ന് മൃഗഡോക്ടര്‍മാര്‍ വിലയിരുത്തുന്നു.
സറേ സ്വദേശിയായ ഡോഗ് ട്രെയിനര്‍ ക്രിസ്റ്റീന ബ്ലൂമിന്റെതാണ് ടോക്കിയോ. മലകയറ്റത്തിനിടയില്‍ പെട്ടെന്ന് കുഴഞ്ഞുവീണ നായയുടെ കാലുകളുടെ ചലനശേഷി പൂര്‍ണ്ണമായും നഷ്ടപ്പെടുകയും അവള്‍ അബോധാവസ്ഥയിലാവുകയും ചെയ്തു. ടോക്കിയോയെ തനിക്ക് എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്ന് ഭയന്നതായി ക്രിസ്റ്റീന പറയുന്നു. മലയിറങ്ങുന്ന സമയത്തുടനീളം അവള്‍ അബോധാവസ്ഥയിലായിരുന്നു.
'ലോഹാബര്‍ മൗണ്ടന്‍ റെസ്‌ക്യൂ ടീമിന്റെ സഹായമില്ലായിരുന്നെങ്കില്‍ 25 കിലോ ഭാരമുള്ള ടോക്കിയോയെ ഒറ്റയ്ക്ക് മലയിറക്കാന്‍ എനിക്ക് സാധിക്കില്ലായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന ദിവസമായിരുന്നു അത്,'' ക്രിസ്റ്റീന ബിബിസിയോട് പറഞ്ഞു. രക്ഷാപ്രവര്‍ത്തകരുടെ പ്രൊഫഷണലിസത്തെയും പിന്തുണയെയും അവര്‍ പ്രത്യേകം പ്രശംസിച്ചു.
ന്യൂറോടോക്‌സിസിറ്റി മൂലമാണ് നായയ്ക്ക് ഈ അവസ്ഥയുണ്ടായതെന്ന് വെറ്ററിനറി പരിശോധനയില്‍ വ്യക്തമായി. കഞ്ചാവ് ഉള്ളില്‍ ചെന്നാലുള്ള ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച നായയുടെ ശരീരത്തില്‍ നിന്ന് കഞ്ചാവിന്റെ രൂക്ഷമായ ഗന്ധം വന്നിരുന്നതായും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
ആരെങ്കിലും ഉപേക്ഷിച്ച കഞ്ചാവ് കഴിച്ചതാകാമെന്നാണ് കരുതുന്നത്. മറ്റ് നായ ഉടമകള്‍ ഇക്കാര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ക്രിസ്റ്റീന അഭ്യര്‍ത്ഥിച്ചു. വിദഗ്ധ ചികിത്സയ്ക്ക് ശേഷം ടോക്കിയോ ഇപ്പോള്‍ പൂര്‍ണ്ണ ആരോഗ്യവതിയായി തിരിച്ചെത്തിയിട്ടുണ്ട്.