എന്റെ കാല് മരിച്ചെന്ന് ഡോക്ടര്‍ പറഞ്ഞു, 6 മണിക്കൂറിനുള്ളില്‍ എന്തെങ്കിലും ചെയ്തിരുന്നെങ്കില്‍.... പറവൂര്‍ താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സപ്പിഴവ് ആരോപണം
കൊല്ലം: പറവൂര്‍ താലൂക്ക് ആശുപത്രിയിലെ ചികിത്സപ്പിഴവ് മൂലം കാല് മുറിച്ചുമാറ്റേണ്ടി വന്നെന്ന് ആരോപണം. കടുത്ത കാലുവേദനയുമായി ആശുപത്രിയില്‍ എത്തിയ 52കാരനായ അബ്ദുല്‍ ജബ്ബാറിന് കൃത്യ സമയത്ത് ചികിത്സ ലഭിച്ചില്ലെന്നും പഠിക്കുന്ന വിദ്യാര്‍ഥികളാണ് ചികിത്സിച്ചതെന്നുമാണ് പരാതി.
ജൂലൈ 26-ന് രാത്രി 12 മണിയോടെയാണ് താന്‍ ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ ഈ സമയത്ത് ആശുപത്രിയില്‍ ഡോക്ടര്‍ ഉണ്ടായിരുന്നില്ലെന്നും എസ്.എന്‍. മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളാണ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്. അവര്‍ വേദനസംഹാരികള്‍ നല്‍കി തിരിച്ചയക്കുകയായിരുന്നുവെന്ന് അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു.
വേദന കുറയാത്തതിനെത്തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ എത്തിയെങ്കിലും കൃത്യമായ ചികിത്സയോ രോഗനിര്‍ണയമോ ലഭിച്ചില്ല. രണ്ടുതവണ ആശുപത്രിയില്‍ എത്തിയിട്ടും ഡോക്ടറെ കാണാനും സാധിച്ചില്ല.
തുടര്‍ന്ന് പരിശോധിച്ച സര്‍ജന്‍, കാലിന്റെ പള്‍സ് നഷ്ടപ്പെട്ടെന്നും കാല് മരിച്ചെന്നും പറഞ്ഞു. കൃത്യസമയത്ത് ഡോക്ടറെ കാണിക്കാത്തതുകൊണ്ടാണ് കാല്‍ മുറിച്ചുകളയേണ്ടി വരുമെന്ന് അദ്ദേഹം അറിയിച്ചെന്നും അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു.
ആശുപത്രി അധികൃതര്‍ ആദ്യം തങ്ങളുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് സമ്മതിക്കുകയും തുടര്‍ചികിത്സാ സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. വിദ്യാര്‍ഥികള്‍ ലോണെടുത്താണ് പഠിക്കുന്നതെന്ന് പറഞ്ഞ് ആശുപത്രി സൂപ്രണ്ട് ഒത്തുതീര്‍പ്പിനും ശ്രമിച്ചു.
മുഖ്യമന്ത്രിയുമായി സംസാരിച്ച് വേണ്ട പരിഹാരം ഉണ്ടാക്കിത്തരാമെന്ന് ഉറപ്പുനല്‍കി. എന്നാല്‍ പിന്നീട് ആശുപത്രി അധികൃതര്‍ നിലപാട് മാറ്റിയെന്നും അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു. കുറ്റക്കാരായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സത്യസന്ധമായ അന്വേഷണം വേണമെന്നുമാണ് അബ്ദുല്‍ ജബ്ബാറിന്റെ ആവശ്യം.
അതേസമയം പറവൂര്‍ താലൂക്ക് ആശുപത്രിയുടെ ഭാഗത്തുനിന്ന് വീഴ്ചയൊന്നും ഉണ്ടായിട്ടില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പറവൂര്‍ നഗരസഭ അധ്യക്ഷന്‍ രമേശ് ഡി. കുറുപ്പ് അറിയിച്ചു. കോട്ടയം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തിട്ടും പോയില്ല. ഈ വിഷയത്തില്‍ മുഖ്യമന്ത്രി തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും ആര്‍ക്കെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം രോഗിയുടെ വീട് സന്ദര്‍ശിക്കും. സംഭവം നടന്ന് നാലു മാസങ്ങള്‍ക്ക് ശേഷമാണ് ജബ്ബാര്‍ പരാതി ഉന്നയിക്കുന്നത്. പരാതി നല്‍കാന്‍ ഇത്രയും വൈകിയതിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും ഇപ്പോള്‍ പരാതി ഉയര്‍ന്നതിന് പിന്നില്‍ സിപിഐഎം ആണെന്നും രമേശ് ഡി. കുറുപ്പ് ആരോപിച്ചു.