രൂപത സ്ഥാപിതമായിട്ട് 5 നൂറ്റാണ്ട്; 500 മണിക്കൂര്‍ ദിവ്യകാരുണ്യ ആരാധനയുമായി മെക്‌സിക്കന്‍ രൂപത

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ ഏറ്റവും പഴക്കം ചെന്ന രൂപതയായ ത്‌ലാക്‌സ്‌കല സ്ഥാപിതമായിട്ട് 500 വര്‍ഷം പൂര്‍ത്തിയാകുന്നു.
കാനോനികമായ രൂപത സ്ഥാപനത്തിന്റെ അഞ്ഞൂറാം വാര്‍ഷികം കൃതജ്ഞതയുടെയും വിശ്വാസ നവീകരണത്തിന്റെയും ആഘോഷമാക്കി മാറ്റാനാണ് രൂപത ഒരുങ്ങുന്നത്.
500 മണിക്കൂര്‍ തുടര്‍ച്ചയായ ദിവ്യകാരുണ്യ ആരാധന നടത്തുമെന്നു രൂപത വ്യക്തമാക്കി.
രൂപതയുടെ കീഴിലുള്ള വിവിധ ദേവാലയങ്ങളില്‍ സെപ്റ്റംബര്‍ 12ന് ആരംഭിച്ച ദിവ്യകാരുണ്യ ആരാധന ഒക്ടോബര്‍ 3ന് അവസാനിക്കും. രൂപതയുടെ ഏഴ് ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന പള്ളികള്‍ക്കിടയിലാണ് പ്രധാനമായും ദിവ്യകാരുണ്യ ആരാധന നടത്തുന്നത്.
500-ാം വാര്‍ഷികത്തിന്റെ ജൂബിലി ആഘോഷത്തിനായി ആത്മീയമായി തയ്യാറെടുക്കുക എന്നതാണ് അഖണ്ഡ ദിവ്യകാരുണ്യ ആരാധനയിലൂടെ ഉദ്ദേശിക്കുന്നതെന്ന് രൂപതാനേതൃത്വം വ്യക്തമാക്കി.
ഞായറാഴ്ച വിശുദ്ധ കുര്‍ബാനകളില്‍ ഇടവകയില്‍ ദിവ്യകാരുണ്യ ഭക്തി വളര്‍ത്താന്‍ കുടുംബങ്ങളെയും സംഘടനകളെയും വിശ്വാസികളെയും പ്രോത്സാഹിപ്പിക്കാനും രൂപത ആഹ്വാനം നല്‍കി.
രൂപതയുടെ അഞ്ച് നൂറ്റാണ്ടുകളുടെ നിലനില്‍പ്പിനെ അനുസ്മരിക്കുന്ന പരിപാടിയുടെ ഭാഗമാണ് ദിവ്യകാരുണ്യ ആരാധനയെന്നും രൂപതാനേതൃത്വം വ്യക്തമാക്കി.
ഒക്ടോബര്‍ 12-ന് പ്രാദേശിക സമയം രാവിലെ 11 മണിക്ക് കണ്‍സിലിയാര്‍ സെമിനാരിയില്‍ ജൂബിലി വിശുദ്ധ കുര്‍ബാന നടക്കുമെന്ന് രൂപത പ്രഖ്യാപിച്ചു.
2021 ജൂലൈയില്‍ യുനെസ്‌കോ ലോക പൈതൃക സ്ഥലമായി പ്രഖ്യാപിച്ച ത്‌ലാക്‌സ്‌കലയിലെ ഫ്രാന്‍സിസ്‌കന്‍ കോണ്‍വെന്റ് ദൈവമാതാവിന്റെ കത്തീഡ്രലായി ഉയര്‍ത്തിയതിന് ശേഷമുള്ള ഔദ്യോഗിക ആശീര്‍വാദവും കൂദാശയും ഒക്ടോബര്‍ 13ന് നടക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ചടങ്ങില്‍ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ സന്നിഹിതനായിരിക്കും. 2022-ലെ കണക്കുകള്‍ പ്രകാരം രൂപതയുടെ കീഴില്‍ 12,18,000 കത്തോലിക്ക വിശ്വാസികളാണുള്ളത്.
83 ഇടവകകളിലായി 161 വൈദികരാണ് സേവനം ചെയ്യുന്നത്. 7,565 വിശ്വാസികള്‍ക്ക് ഒരു വൈദികന്‍ എന്ന നിരക്കിലാണ് രൂപതയിലെ അനുപാതം.