മനുഷ്യനെ ആഴത്തിൽ മനസ്സിലാക്കാതെ നിർമ്മിത ബുദ്ധിയുടെ വികസനം പൂർണമാകില്ല: ടെയ്‌ലർ ബ്ലാക്ക്

 
Papa

മനുഷ്യന്റെ സ്വഭാവവും ചിന്താരീതിയും ആഴത്തിൽ മനസ്സിലാക്കിയുള്ള വ്യക്തമായ കാഴ്ച്ചപ്പാടുകൾ നിർമ്മിത ബുദ്ധിയുടെ വികസനത്തിന് അനിവാര്യമാണെന്ന് മൈക്രോസോഫ്റ്റ് എഐ & വെഞ്ച്വർ ഇക്കോസിസ്റ്റം ഡയറക്ടർ ടെയ്‌ലർ ബ്ലാക്ക് (Taylor Black). നിർമ്മിത ബുദ്ധിയുടെ വെല്ലുവിളികളെയും മനുഷ്യാന്തസ്സിന്റെ മഹനീയതയെയും അടിവരയിട്ടു പറയുന്ന ലിയോ പതിനാലാമൻ പാപ്പായുടെ “മഞ്ഞീഫിക്ക ഉമാനിത്താസ്” എന്ന ചാക്രികലേഖനത്തെ സംബന്ധിച്ച് വത്തിക്കാൻ ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നിർമ്മിത ബുദ്ധിയുടെ സ്വാധീനം മനുഷ്യജീവിതത്തിന്റെ എല്ലാ തലങ്ങളിലേക്കും അതിവേഗം വ്യാപിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ, മനുഷ്യനെക്കുറിച്ചുള്ള സമഗ്രമായ ധാരണ അതിന്റെ വികസനത്തിന് നിർണായകമാണെന്ന് മൈക്രോസോഫ്റ്റിൽ നിർമ്മിത ബുദ്ധിയെയും സംരംഭക നിക്ഷേപ പരിസ്ഥിതികളെയും കൈകാര്യം ചെയ്യുന്ന ബ്ലാക്ക് അഭിപ്രായപ്പെട്ടു.

2026 മെയ് 25-ന് ലിയോ പതിനാലാമൻ പാപ്പാ പുറത്തിറക്കിയ “മഞ്ഞീഫിക്ക ഉമാനിത്താസ്” (Magnifica Humanitas) എന്ന ചാക്രികലേഖനവും, 2025 ജനുവരിയിൽ, വത്തിക്കാന്റെ വിശ്വാസകാര്യങ്ങൾക്കായുള്ള ഡികാസ്റ്ററിയും സംസ്കാരത്തിനും വിദ്യാഭ്യാസത്തിനുമുള്ള ഡികാസ്റ്ററിയും സംയുക്തമായി പ്രസിദ്ധീകരിച്ച "അന്തീക്വാ എത് നോവ" (Antiqua et Nova) എന്ന രേഖയും നിർമ്മിതബുദ്ധിയുടെ വികസന രംഗത്തുള്ള സഭയുടെ പ്രധാന ഇടപെടലുകളാണെന്ന് അദ്ദേഹം വിലയിരുത്തി. നിർമ്മിതബുദ്ധി നൽകുന്ന വിവരങ്ങൾ പരിശോധനയില്ലാതെ സ്വീകരിക്കുകയും വിമർശനാത്മകമായി വിലയിരുത്താതിരിക്കുകയും ചെയ്താൽ, അത് ഉപഭോക്താക്കളുടെ ചിന്താരീതിയെയും വ്യക്തിത്വ രൂപീകരണത്തെയും സ്വാധീനിക്കുമെന്ന പരിശുദ്ധ പിതാവിന്റെ ചാക്രികലേഖനത്തിലെ നിരീക്ഷണം ഏറെ ശ്രദ്ധേയമാണെന്നും അദ്ദേഹം ചൂണ്ടി കാണിച്ചു.

മുൻകാല സാങ്കേതിക ഉൽപ്പന്നങ്ങളിൽ നിന്ന് വ്യത്യസ്തമായി നിർമ്മിതബുദ്ധിയിൽ ഉപഭോക്താക്കളും നൂതന സാങ്കേതിക സംവിധാനങ്ങളും ചേർന്നാണ് ഓരോന്നും രൂപപ്പെടുത്തുന്നതെന്നും അതിനാൽ ഉപഭോക്താക്കളുടെ ചിന്താരീതിയും, മൂല്യവും മനസ്സിലാക്കാതെ മികച്ച നിർമ്മിത ബുദ്ധി ഉൽപ്പന്നങ്ങൾ വികസിപ്പിക്കാനാകില്ലെന്നും ഡയറക്ടർ കൂട്ടിച്ചേർത്തു.

കുട്ടികളും യുവജനങ്ങളും നിർമ്മിതബുദ്ധി ഉപയോഗിക്കുമ്പോൾ പ്രത്യേക ജാഗ്രത ആവശ്യമാണെന്നും അമേരിക്കയിലെ കത്തോലിക്കാ യൂണിവേഴ്സിറ്റിയിലെ ലിയോനം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എഐ ആൻഡ് എമർജിംഗ് ടെക്നോളജീസിന്റെ സ്ഥാപക ഡയറക്ടർ കൂടിയായ ബ്ലാക്ക് മുന്നറിയിപ്പ് നൽകി.

നിർമ്മിതബുദ്ധിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സാങ്കേതിക വിദഗ്ധരും, സഭയും തമ്മിലുള്ള സംവാദം കൂടുതൽ ശക്തമാകേണ്ടതുണ്ടെന്നും ബ്ലാക്ക് അഭിപ്രായപ്പെട്ടു. സാങ്കേതികവിദ്യ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് സാങ്കേതിക വിദഗ്ധർ വിശദീകരിക്കുമ്പോൾ, അതിന്റെ മാനവികവും ധാർമ്മികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് സഭയും തത്ത്വചിന്തകരും വിലയിരുത്തുന്ന സഹകരണ മാതൃകയാണ് ഭാവിയിൽ ആവശ്യമായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സഭയും സാങ്കേതിക ലോകവും തമ്മിലുള്ള സംഭാഷണത്തെ വിമർശിക്കുന്നവരുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. മനുഷ്യനെക്കുറിച്ചുള്ള ആഴത്തിലുള്ള സമസ്യകൾ മതത്തിന്റെയും, തത്ത്വചിന്തയുടെയും മേഖലയിൽ ഉൾപ്പെട്ടതാണെന്നും, അതിനാൽ അവയെ അവഗണിക്കുന്നത് അവയുടെ ഉപഭോക്താക്കളെ മനസ്സിലാക്കുന്നതിലും മികച്ച ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്യുന്നതിലും തടസങ്ങൾ സൃഷ്ടിക്കുമെന്നും വത്തിക്കാൻ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ബ്ലാക്ക് കൂട്ടിച്ചേർത്തു.

Tags

Share this story

From Around the Web