-“മരണത്തിന്റെ നിരാശ യേശുനാമത്തിൽ എന്നെന്നേക്കുമായി നീക്കം ചെയ്യപ്പെട്ടു”: ലെയോ പാപ്പ
മരണത്തിന്റെ നിരാശ യേശുനാമത്തിൽ എന്നെന്നേക്കുമായി ഇല്ലാതായെന്ന് ലെയോ പതിനാലാമൻ മാർപാപ്പ.
ഈസ്റ്റർ തിങ്കളാഴ്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ തടിച്ചുകൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാപ്പ.
ക്രിസ്തുവിന്റെ ഉയിർപ്പ് മാനവരാശിക്ക് നൽകുന്ന പ്രത്യാശയെക്കുറിച്ച് പാപ്പ സന്ദേശത്തിൽ വെളിപ്പെടുത്തി.
ക്രിസ്തുവിന്റെ പുനരുത്ഥാനം മരണത്തിന്റെ അന്ധകാരത്തെ നീക്കിയെന്നും അത് വിശ്വാസികൾക്ക് നിത്യജീവനിലേക്കുള്ള വാതിൽ തുറന്നുനൽകിയെന്നും മാർപാപ്പ ഓർമ്മിപ്പിച്ചു.
“ഇനിമുതൽ മരണം ഒരു അവസാനമല്ല, മറിച്ച് ദൈവത്തിന്റെ സ്നേഹത്തിലേക്കുള്ള പ്രവേശനമാണ്” – പാപ്പ പറഞ്ഞു.
സുവിശേഷത്തിലെ ഉയിർപ്പിന്റെ വിവരണങ്ങളെ ആസ്പദമാക്കി, സത്യത്തെ മൂടിവയ്ക്കാൻ ശ്രമിക്കുന്ന ‘വ്യാജവാർത്തകളെ’ക്കുറിച്ച് പാപ്പ മുന്നറിയിപ്പ് നൽകി. കല്ലറ ഒഴിഞ്ഞുകിടക്കുന്നതു കണ്ട കാവൽക്കാർ പണം വാങ്ങി കള്ളം പ്രചരിപ്പിച്ചു.
എന്നാൽ, സ്ത്രീകൾ സത്യസന്ധമായ സാക്ഷ്യം ലോകത്തിനു നൽകി. ഇന്നും സത്യം പലപ്പോഴും അസത്യങ്ങളാൽ മൂടപ്പെടുന്നുണ്ടെങ്കിലും, ക്രിസ്തുവാകുന്ന സത്യം എപ്പോഴും പ്രകാശിക്കുമെന്നും പാപ്പ കൂട്ടിച്ചേർത്തു.