വകുപ്പ് വളരെ മോശം, മന്ത്രി വെളുത്ത് സുന്ദരനായിട്ട് വല്ല കാര്യവുമുണ്ടോ? ആഭ്യന്തര വകുപ്പിനെതിരെ പൊട്ടിത്തെറിച്ച് ജി. സുധാകരന്‍
തിരുവനന്തപുരം: ആഭ്യന്തര വകുപ്പിനും പൊലീസിനുമെതിരെ നിയമസഭയില്‍ രൂക്ഷവിമര്‍ശനവുമായി ജി. സുധാകരന്‍. രമേശ് ചെന്നിത്തല വളരെ നല്ല വ്യക്തിയാണെങ്കിലും അദ്ദേഹം കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പ് മഹാമോശമാണെന്ന് സുധാകരന്‍ സഭയില്‍ തുറന്നടിച്ചു.
വകുപ്പ് മോശമായാല്‍ അതിന്റെ ചുമതലയുള്ള മന്ത്രിക്ക് മാത്രം എങ്ങനെയാണ് നല്ലവനാകാന്‍ കഴിയുകയെന്നും, വെളുത്ത് സുന്ദരനായിരുന്നിട്ട് വല്ല കാര്യവുമുണ്ടോയെന്നും അദ്ദേഹം പരിഹസിച്ചു.
രമേശ് ചെന്നിത്തല മഹാനായ മനുഷ്യനാണെങ്കിലും വകുപ്പിലെ കെണികള്‍ എന്താണെന്ന് അദ്ദേഹം ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസിനെ കര്‍ശനമായി നിയന്ത്രിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
പൊലീസുകാര്‍ യൂണിഫോം അണിഞ്ഞ പൗരന്മാരാണെന്നും പൗരന്മാരെന്നത് യൂണിഫോം അണിയാത്ത പൊലീസുകാരാണെന്നുമുള്ള ഡല്‍ഹി പൊലീസ് ആസ്ഥാനത്തെ വചനം അദ്ദേഹം സഭയെ ഓര്‍മ്മിപ്പിച്ചു. എല്ലാവരും നിയമം പാലിക്കണമെന്നും ആ തരത്തില്‍ ജനങ്ങളെ വളര്‍ത്താനും പൊലീസിനെ ബോധ്യപ്പെടുത്താനുമുള്ള നടപടികള്‍ ഉണ്ടാകണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
സംസ്ഥാനത്ത് പൊലീസുകാരുടെ എണ്ണം വളരെ കുറവാണെന്നും അതിനാല്‍ അംഗസംഖ്യയും വനിതാ പൊലീസുകാരുടെ പ്രാതിനിധ്യവും വര്‍ദ്ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാ പഞ്ചായത്തുകളിലും പൊലീസിനെ വിന്യസിക്കണമെന്നും, എന്നാല്‍ അടിക്കാനും പിടിക്കാനും മാത്രമുള്ളതല്ല പൊലീസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിന് പുറമെ സെക്രട്ടേറിയറ്റ് പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും ജി. സുധാകരന്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചു. സെക്രട്ടേറിയേറ്റില്‍ കാലാനുസൃതമായ കാര്യമായ മാറ്റങ്ങളൊന്നും വന്നിട്ടില്ലെന്നും അതൊരു മനുഷ്യത്വമില്ലാത്ത ഇടമായി മാറിയിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സെക്രട്ടേറിയേറ്റിനെ സമൂലമായി പുനസംഘടിപ്പിക്കണമെന്നും, ഈ തുരുമ്പിച്ച സംവിധാനം മാറ്റിയേ തീരൂ എന്നും ജി. സുധാകരന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു.