മാസപ്പടി കേസ്: ഹര്‍ജി പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി.അടുത്ത മാസം 28നും,29നും വീണ്ടും ഹര്‍ജി പരിഗണിക്കും 

 
veena


ന്യൂഡല്‍ഹി:മാസപ്പടിക്കേസിലെ ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി. അടുത്ത മാസം 28,29 തീയതികളിലായി ഹര്‍ജി പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. 


ജസ്റ്റിസ് ഗിരീഷ് കത്പാലിയ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുക എന്നാണ് മുന്‍പ് അറിയിച്ചിരുന്നത്. എന്നാല്‍ ഇന്ന് പുതിയ ബെഞ്ചിന് മുന്നിലാണ് ഹര്‍ജിയെത്തിയത്. 


പുതിയ ബെഞ്ചിന് കേസ് പഠിക്കാന്‍ മതിയായ സമയം വേണമെന്നതിനാലാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയിരിക്കുന്നത്. ഒക്ടോബര്‍ 28,29 തീയതികളിലായി ഉച്ചയ്ക്ക് ശേഷം 3.30ന് ഹര്‍ജിയില്‍ വിശദവാദം കേള്‍ക്കുമെന്നാണ് ഡല്‍ഹി ഹൈക്കോടതി അറിയിച്ചിരിക്കുന്നത്.

മാസപ്പടി ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ ടി, വീണ, സിഎംആര്‍എല്‍ എന്നിവര്‍ക്കെതിരെ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജിയാണ് ഡല്‍ഹി ഹൈക്കോടതി മുന്‍പാകെ എത്തിയിരിക്കുന്നത്. 

മാധ്യമപ്രവര്‍ത്തകനായ എംആര്‍ അജയനാണ് പൊതുതാത്പര്യ ഹര്‍ജിയുമായി നേരത്തെ ഹൈക്കോടതിയെ സമീപിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി മുഖ്യമന്ത്രിക്കും മകള്‍ വീണയ്ക്കും സിഎംആര്‍എല്ലിനും നോട്ടീസ് നല്‍കിയിരുന്നു.


 അവര്‍ എതിര്‍ സത്യവാങ്മൂവം നല്‍കുകയും ചെയ്തു. ഹര്‍ജി രാഷ്ട്രീയ പ്രേരിതം എന്നായിരുന്നു മുഖ്യമന്ത്രിയുടെയും മകളുടെയും മറുപടി. കേസില്‍ കക്ഷി ചേര്‍ത്ത എല്ലാവരും മറുപടി സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്.


വീണയുടെ കമ്പനി സേവനമൊന്നും നല്‍കാതെ സിഎംആര്‍എല്‍ കമ്പനിയില്‍ നിന്ന് മാസപ്പടി കൈപ്പറ്റി എന്ന ആരോപണം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. സിബിഐ അന്വേഷണ ആവശ്യം നില്‍ക്കുന്നതല്ലെന്ന് വീണ സത്യവാങ്മൂലത്തില്‍ പറയുന്നു. സ്വയം ആരംഭിച്ച സംരംഭത്തിന്റെ ഭാഗമായിട്ടുള്ള ഇടപാടുകള്‍ ഒരു കമ്പനിയും ഒരു വ്യക്തിയും തമ്മില്‍ നടന്ന ഇടപാട് മാത്രമാണ് ഇതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കേസിലേക്ക് തന്നെ വലിച്ചിഴച്ചതാണെന്നും വീണ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

Tags

Share this story

From Around the Web