മഴക്കുറവ് സംസ്ഥാനത്തെ 44 നദികളെയും ബാധിക്കുന്നു. മഴക്കുറവില്‍ മുന്നില്‍ വയനാടും ഇടുക്കിയും. സാധാരണ തോതിലുള്ള മഴ തിരുവനന്തപുരത്തു മാത്രം. മഴക്കുറവ് വൈദ്യുതി ഉല്‍പ്പാദനത്തെ ബാധിച്ചു

 
Kseb

കോട്ടയം: സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ ഇത്തവണ 35 ശതമാനം കുറവ്. ജൂണ്‍ നാലുമുതല്‍ കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്. 

എല്‍നിനോ പ്രതിഭാസം ഇന്ത്യയിലെ കാലവര്‍ഷക്കാറ്റിന്റെ ശക്തി കുറയ്ക്കുകയാണ്. ഇത് 12 മുതല്‍ 15 മാസം വരെ നീണ്ടുനില്‍ക്കാന്‍ സാധ്യതയുണ്ട്.

മഴക്കുറവില്‍ വയനാടാണു മുന്നില്‍. വയനാട്ടില്‍ 65 ശതമാനമാണ് മഴക്കുറവ്. അണക്കെടുകള്‍ ഏറയുള്ള ഇടുക്കിയില്‍ 53%, കാസര്‍കോട് 41%, കണ്ണൂര്‍ 41%, പാലക്കാട് 37%, കൊല്ലം 36%, തൃശൂര്‍ 33%, ആലപ്പുഴ 33%, എറണാകുളം 29%, കോഴിക്കോട് 25%, മലപ്പുറം 20%, കോട്ടയം 20%, പത്തനംതിട്ട 18% എന്നിങ്ങനെയാണു മഴക്കുറവ്. തിരുവനന്തപുരത്തു നിലവില്‍ സാധാരണ തോതിലുള്ള മഴ ലഭിച്ചിട്ടുണ്ട്.

മഴക്കുറവു ഗുരുതര വൈദ്യുതി പ്രതിസന്ധിയിലൂടെയാണു സംസ്ഥാനം കടന്നുപോകുന്നത്. ഈ സാഹചര്യം ഡിസംബര്‍ വരെ തുടരുമെന്നു കെ.എസ്.ഇ.ബി അറിയിച്ചിരിക്കുന്നത്. 

പ്രതിസന്ധി തുടര്‍ന്നാല്‍ നിലവിലെ വൈദ്യുതി നിയന്ത്രണം കൂടുതല്‍ ദിവസങ്ങളിലേക്കു നീട്ടേണ്ടി വരുമെന്നും ഇലക്ട്രിസിറ്റി ബോര്‍ഡ് വ്യക്തമാക്കുന്നു.

ജൂണ്‍ 1 ന് സംസ്ഥാനത്ത് കാലവര്‍ഷം ആരംഭിച്ചെങ്കിലും മഴ ശക്തിപ്രാപിക്കാത്തതിനാല്‍ താപനിലയില്‍ കുറവുണ്ടായില്ല. 4,100 മെഗാവാട്ടിന്റെ ആവശ്യകത പ്രതീക്ഷിച്ചിരുന്ന ഇടത്ത് 4,900 മെഗാവാട്ട് വരെയായി.

അതായത്, വൈദ്യുതി ഉപയോഗത്തില്‍ 10 ദശലക്ഷം യൂണിറ്റിന്റെ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. 1700 മെഗാവാട്ട് ആണ് ആഭ്യന്തര ഉത്പാദനത്തിലൂടെ വരുന്നത്. 1701 മെഗാവാട്ട് കേന്ദ്ര നിലയങ്ങളില്‍നിന്നു ലഭിക്കുന്നു.

612 മെഗാവാട്ട് ദീര്‍ഘകാല കരാറുകളിലൂടെയും സംസ്ഥാനത്ത് കിട്ടുന്നുണ്ട്. ആകെ 4013 മെഗാവാട്ടാണ് സമാഹരിക്കാനാകുന്നത്. പക്ഷേ 900 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് ജൂണ്‍ 16 മുതല്‍ 30 വരെ നിലനില്‍ക്കുന്നുവെന്നതാണു സാഹചര്യം. 

ഇതെല്ലാം ചേര്‍ന്നുവന്നതാണു പ്രതിസന്ധി ഗുരുതരമാക്കിയതെന്ന് കെ.എസ്.ഇ.ബി പറയുന്നു. ഫലത്തില്‍ വില നിയന്ത്രണം മറികടന്നു വൈദ്യുതി വാങ്ങേണ്ട നിലയിലേക്കു കാര്യങ്ങള്‍ പോകുമോയെന്ന ആശങ്ക ഉടലെടുത്തിട്ടുണ്ട്. നിലവിലെ സാഹചര്യം കെ.എസ്.ഇ.ബി, റെഗുലേറ്ററി കമ്മീഷനെ ധരിപ്പിച്ചിട്ടുമുണ്ട്.

യൂണിറ്റിന് 10 രൂപയാണു നിലവില്‍ വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മീഷന്‍ നിശ്ചയിച്ചിരിക്കുന്ന ഉയര്‍ന്ന പരിധി. കെ.എസ്.ഇ.ബിപുതിയ ടെന്‍ഡര്‍ ക്ഷണിച്ചിരുന്നെങ്കിലും ജൂണിലേക്ക് ഒരു കമ്പനിയും സന്നദ്ധരായി എത്തിയിരുന്നില്ല. 

ജൂണ്‍ 30 വരെ വൈകിട്ട് 6-നും രാത്രി 12-നുമിടയില്‍ വൈദ്യുതി നിയന്ത്രണം ആവശ്യമായി വരാമെന്ന് കെ.എസ്.ഇ.ബി നേരത്തേ അറിയിക്കുകയും ചെയ്തിരുന്നു.

Tags

Share this story

From Around the Web