തെരഞ്ഞെടുപ്പിലെ തോൽവി താൽക്കാലികം മാത്രമെന്ന് ജോസ് കെ. മാണി; കേരള കോൺഗ്രസ് കൂടുതൽ ശക്തിയോടെ തിരിച്ചുവരുമെന്ന് പ്രഖ്യാപനം
കോട്ടയം: തെരഞ്ഞെടുപ്പിലെ ഈ താൽക്കാലിക തോൽവികൾ പാർട്ടിയെ തളർത്തിയിട്ടില്ലെന്നും, പുതിയ പാഠങ്ങൾ ഉൾക്കൊണ്ട് അണികളെ കൂട്ടിയിണക്കി ഇരട്ടി ഊർജ്ജത്തോടെ കേരള കോൺഗ്രസ് മുന്നോട്ട് പോകുമെന്ന ഉറച്ച വിശ്വാസവുമായി കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം.പി.
തെരഞ്ഞെടുപ്പിലെ തോൽവി ഒരു രാഷ്ട്രീയ പാർട്ടിയുടെയും അവസാനമല്ല. ഡി.എം.കെ, ടി.ഡി.പി തുടങ്ങിയ പ്രാദേശിക പാർട്ടികൾ വലിയ തകർച്ചകളിൽ നിന്ന് പിന്നീട് അധികാരത്തിലേക്ക് തിരിച്ചു വന്ന ചരിത്രമുണ്ട്. കേരള കോൺഗ്രസും കൂടുതൽ ശക്തിയോടെ തിരിച്ചുവരുമെന്നും ജോസ് കെ മാണി പറഞ്ഞു.
കെ.എം. മാണിയുടെ വേർപാടിന് ശേഷം പാർട്ടി വലിയ നിയമയുദ്ധങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയുമാണ് കടന്നുപോയത്. പാർട്ടിയെ ഇല്ലാതാക്കാൻ പലരും ശ്രമിച്ചു. എന്നാൽ, അന്ന് കേരള കോൺഗ്രസ് ഒറ്റക്കെട്ടായി നിന്നതുകൊണ്ടാണ് പ്രതിസന്ധികളെ മറികടക്കാൻ കഴിഞ്ഞത്.
മുന്നണി മാറ്റത്തെക്കുറിച്ച് യാതൊരു ചർച്ചയും നടന്നിട്ടില്ല. യു.ഡി.എഫിൽ നിന്ന് യാതൊരു കാരണവുമില്ലാതെ, ഒരു ജില്ലാ പഞ്ചായത്ത് വിഷയത്തിന്റെ പേരിൽ 40 വർഷത്തെ ബന്ധം മറന്ന് പുറത്താക്കപ്പെട്ടതാണ്. അന്ന് ഒപ്പം നിന്നത് ഇടതുപക്ഷമാണ്. അതിനാൽ പ്രതിസന്ധികൾ ഉണ്ടെങ്കിലും ഇടതുപക്ഷത്തോടൊപ്പം തന്നെ ഉറച്ചുനിൽക്കുമെന്നും, എടുത്ത നിലപാടുകളിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പിയും യു.ഡി.എഫും തങ്ങളെ സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും നിലവിൽ എൽ.ഡി.എഫിൽ സന്തുഷ്ടനാണെന്ന് അദ്ദേഹം പറഞ്ഞു.
പാലായിൽ മത്സരിക്കാൻ തനിക്ക് വിമുഖത ഉണ്ടായിരുന്നു എന്ന വാർത്തകളും ജോസ് കെ മാണി നിഷേധിച്ചു. പാർട്ടിയുടെയും ജനങ്ങളുടെയും ആവശ്യപ്രകാരമാണ് പാലായിൽ തന്നെ മത്സരിച്ചത്. അല്ലാതെ രാജ്യസഭാ എം.പി സ്ഥാനം ഉള്ളതുകൊണ്ട് മാറിനിൽക്കാൻ ശ്രമിച്ചിട്ടില്ല. അതുപോലെ ഭാര്യ നിഷ ജോസ് കെ. മാണി രാഷ്ട്രീയത്തിലേക്ക് വരുമെന്ന ചർച്ചകളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ 30 വർഷമായി അവർ സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണെന്നും, അതിൽ യാതൊരുവിധ രാഷ്ട്രീയ ലക്ഷ്യങ്ങളുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പരാജയ കാരണം ഇടതുപക്ഷ അണികളുടെ വോട്ടുകൾ വലിയ രീതിയിൽ യു.ഡി.എഫിലേക്ക് ചോർന്നു എന്നതാണ്. പാലായിലും തൊട്ടടുത്ത പ്രദേശങ്ങളിലും, എന്തിന് സി.പി.എമ്മിന് വലിയ സ്വാധീനമുള്ള മേഖലകളിൽ പോലും യു.ഡി.എഫ് അപ്രതീക്ഷിത വിജയം നേടിയത് ഇതിന്റെ ഏറ്റവും വലിയ തെളിവാണെന്ന് ജോസ് കെ മാണി ചൂണ്ടിക്കാട്ടി. താഴെത്തട്ടിലുള്ള അണികൾക്കിടയിൽ ഭരണത്തോടുള്ള ചില അതൃപ്തികൾ ശക്തമായി പ്രതിഫലിച്ചിട്ടുണ്ടാകാം. "ഇനി ഭരണം വേണ്ട, മാറിനിൽക്കേണ്ടതുണ്ട്" എന്ന് അണികൾ തന്നെ ചിന്തിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ മാറിയിട്ടുണ്ടെന്നും ജോസ് കെ. മാണി തുറന്നു സമ്മതിക്കുന്നു.
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായാണ് ഒരു തുടർഭരണം ഉണ്ടാകുന്നത്. പത്ത് വർഷത്തെ എൽ.ഡി.എഫ് ഭരണത്തിന് ശേഷം സ്വാഭാവികമായും ജനങ്ങളിൽ വലിയൊരു ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടുണ്ട്. സർക്കാരിന്റെ പ്രവർത്തനങ്ങൾ എത്ര മികച്ചതാണെങ്കിലും, ഒരു മാറ്റം വേണമെന്ന് ജനങ്ങൾ ചിന്തിക്കുന്നത് ജനാധിപത്യത്തിൽ സ്വാഭാവികമാണ്. ഒപ്പം കഴിഞ്ഞ അഞ്ചു വർഷത്തിൽ യു.ഡി.എഫിനെക്കുറിച്ചുള്ള ജനങ്ങളുടെ കാഴ്ചപ്പാടിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. മാറ്റത്തിനായുള്ള ജനങ്ങളുടെ ഈയൊരു ആഗ്രഹമാണ് തെരഞ്ഞെടുപ്പിൽ ശക്തമായി പ്രതിഫലിച്ചത്.
പുതിയ സർക്കാരിന്റെ ഇപ്പോഴത്തെ സമയം ഒരു 'ഹണിമൂൺ പീരിയഡ്' ആണെന്നാണ് ജോസ് കെ മാണി പറഞ്ഞു. ഒരു വിവാഹം കഴിയുമ്പോൾ ആദ്യം എല്ലാം നല്ലതായിരിക്കും, എന്നാൽ പിന്നീട് സ്വഭാവം മനസ്സിലാകുമ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങുക. അതുപോലെ പി.എസ്.സി, മദ്യനയം തുടങ്ങിയ കാര്യങ്ങളിൽ തുടക്കത്തിൽ തന്നെ ഭരണപക്ഷത്ത് അഭിപ്രായ വ്യത്യാസങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ടെന്നും ജോസ് കെ. മാണി പറഞ്ഞു.