സ്വയംഭരണ കോളജുകള്‍ സ്വാശ്രയ കോഴ്സിന് എന്‍.ഒ.സി വാങ്ങുന്നതില്‍ താമസമുണ്ടാകുന്നതിനാലാണ് തീരുമാനം; മന്ത്രി റോജി എം.ജോണ്‍
കൊച്ചി: സ്വയംഭരണ കോളജുകള്‍ സ്വാശ്രയ മാതൃകയില്‍ പുതിയ കോഴ്സുകള്‍ ആരംഭിക്കുമ്പോള്‍ സര്‍ക്കാരിന്റെ എന്‍ഒസി വാങ്ങുന്നത് കാലതാമസമുണ്ടാക്കുന്നുവെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍.
ഇക്കാര്യം പരിഗണിച്ചാണ് ഇത്തരം കോഴ്സുകള്‍ ആരംഭിക്കുന്നതിന് സര്‍ക്കാരിന്റെ എന്‍ഒസി നിര്‍ബന്ധമില്ലെന്ന് തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി. വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന കാലാനുസൃതമായ തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു.
എന്‍ഒസി ഒഴിവാക്കിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എസ്എഫ്ഐ ഉയര്‍ത്തുന്ന അഴിമതി ആരോപണത്തിന്റെ അടിസ്ഥാനം എന്താണെന്നും മന്ത്രി ചോദിച്ചു. മുന്‍കാലങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കാം എസ്എഫ്ഐ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
സര്‍ക്കാരിന് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന കോഴ്സുകളാണെങ്കില്‍ നിര്‍ബന്ധമായും എന്‍ഒസി വാങ്ങണം. എന്നാല്‍ സര്‍ക്കാരിന് സാമ്പത്തിക ബാധ്യതയില്ലാത്ത കോഴ്സുകളുടെ കാര്യത്തില്‍ എന്‍ഒസി വേണമെന്ന പിടിവാശി ആവശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. ഈ തീരുമാനം സര്‍ക്കാര്‍ കോളജുകളെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വാശ്രയ സ്വയംഭരണ കോളജുകളില്‍ പുതിയ കോഴ്സുകള്‍ ആരംഭിക്കുന്നതിനോ സീറ്റുകള്‍ സ്ഥിരമായി വര്‍ധിപ്പിക്കുന്നതിനോ സര്‍ക്കാരിന്റെ അനുമതി വേണ്ടെന്നായിരുന്നു ഉത്തരവ്. പുതിയ കോഴ്സുകള്‍ ആരംഭിക്കുന്ന വിവരം സര്‍ക്കാരിനെ അറിയിച്ചാല്‍ മതിയെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
അണ്‍ എയ്ഡഡ്, സ്വാശ്രയ കോളജുകളില്‍ നിലവില്‍ നടത്തിവരുന്ന കോഴ്സുകളുടെ സീറ്റ് സര്‍വകലാശാലകള്‍ക്ക് തന്നെ വര്‍ധിപ്പിച്ചുനല്‍കാമെന്നുമാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഈ ഉത്തരവിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
അതേസമയം, കാലടി സര്‍വകലാശാലയിലെ സമരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോടതി വിധിക്കായി കാത്തിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള സാഹചര്യം ഒരുക്കണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹം. കോടതിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും മന്ത്രി റോജി എം. ജോണ്‍ വ്യക്തമാക്കി.