ഗാസയിലെ കത്തോലിക്ക ദൈവാലയത്തിന് നേരെയുള്ള ആക്രമണത്തില്‍ മരണം മൂന്നായി. അടിയന്തിരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ലിയോ 14 ാമന്‍ പാപ്പ

ജറുസലേം: ഗാസയിലെ ഏക കത്തോലിക്ക ദൈവാലയമായ ഹോളി ഫാമിലി ദൈവാലയത്തിന് നേരെയുണ്ടായ ഇസ്രായേലി ആക്രമണത്തില്‍ മരിച്ചവരുടെ സംഖ്യ മൂന്നായി.
ഇടവക വികാരി ഫാ. ഗബ്രിയേല്‍ റൊമാനെല്ലിക്കും കാലില്‍ പരിക്കേറ്റു. ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ആദ്യം സ്ഥിരീകരിച്ച സാദ് ഇസ്സ കൊസ്റ്റാണ്ടി സലാമെ, ഫൗമിയ ഇസ്സ ലത്തീഫ് അയ്യാദ് എന്നിവര്‍ക്ക് പുറമെ നജ്വ അബു ദാവൂദ് എന്ന വ്യക്തിയും പരിക്കുകള്‍ക്ക് കീഴടങ്ങുകയായിരുന്നു.
മരിച്ച ആത്മാക്കളുടെ വിശ്രാന്തിക്കും ഈ 'കിരാത യുദ്ധം' അവസാനിപ്പിക്കുന്നതിനുമായി പ്രാര്‍ത്ഥിക്കുകയാണെന്ന് ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റ് വ്യക്തമാക്കി.
ഭിന്നശേഷിക്കാരായ കുട്ടികളുള്‍പ്പടെ നൂറുകണക്കിനാളുകള്‍ അഭയകേന്ദ്രമായി കൂടെ ഉപയോഗിച്ചുവരുന്ന ദൈവാലയത്തിന് നേരയാണ് ആക്രമണമുണ്ടായത്. ആതേസമയം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇടവ വികാരി ഫാ. റൊമാനെല്ലിയോടും ഇടവകയോടുമുള്ള ലിയോ 14 ാമന്‍ പാപ്പയുടെ ആത്മീയ അടുപ്പം പ്രകടിപ്പിച്ചുകൊണ്ട് വത്തക്കാന്‍ പുറത്തിറക്കിയ കുറിപ്പില്‍ ഗാസ മുനമ്പില്‍ അടിയന്തിരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് പരിശുദ്ധ പിതാവ് ആവശ്യപ്പെട്ടു.
വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിന്‍ ഒപ്പുവച്ച പ്രസ്താവനയില്‍, ആക്രമണത്തെ തുടര്‍ന്നുണ്ടായ ആളപായത്തിലും പരിക്കുകളിലും ലിയോ പതിനാലാമന്‍ പാപ്പ അഗാധമായ ദുഃഖം പ്രകടിപ്പിച്ചു.ചര്‍ച്ചയിലൂടെയും അനുരഞ്ജനത്തിലൂടെയും നിലനില്‍ക്കുന്ന സമാധാനം മേഖലയില്‍ സാധ്യമാകുമെന്ന് പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു.
ആക്രമണത്തില്‍ ഗാസയിലെ ദൈവാലയത്തിനുണ്ടായ നാശന്ഷ്ടത്തിലും ആളപായത്തിലും ഇസ്രായേല്‍ അതിയായ ദുഃഖം രേഖപ്പെടുത്തി. ഇതിനെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണത്തിന്റെ കണ്ടെത്തലുകള്‍ സുതാര്യമായ രീതിയില്‍ പ്രസിദ്ധീകരിക്കുമെന്നും ഇസ്രായേല്‍ വിദേശകാര്യ വക്താവ് വ്യക്തമാക്കി.