-->

സംസ്ഥാനത്ത് പകർച്ചവ്യാധി മരണം 197 ആയി; അമീബിക് മെനിഞ്ചൈറ്റിസും ഷിഗല്ലയും ആശങ്ക വർധിപ്പിക്കുന്നു

 
shigalla


കോഴിക്കോട്: സംസ്ഥാനത്ത് ഈ വര്‍ഷം പകര്‍ച്ച വ്യാധികള്‍ അപഹരിച്ചത് 197 ജീവനുകള്‍. ഈ വര്‍ഷം ജനുവരി ഒന്നുമുതല്‍ ജൂണ്‍ 23 വരെയാണ് ഇത്രയും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഈ മാസം മാത്രം 59 പേര്‍ മരിച്ചു. കഴിഞ്ഞ വര്‍ഷം ജനുവരി ഒന്നുമുതല്‍ ജൂണ്‍ 30 വരെ ഇത് 189 ആയിരുന്നു പകര്‍ച്ച വ്യാധി മരണം.

മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി അമീബിക് മെനിഞ്ചൈറ്റിസ്, ഷിഗല്ല വൈറസുകളാണ് ഇത്തവണ കൂടുതല്‍ ഭീഷണിയാവുന്നത്. എലിപ്പനിയും മഞ്ഞപ്പിത്തവുമായിരുന്നു കഴിഞ്ഞ തവണ പ്രതിസന്ധി സൃഷ്ടിച്ചത്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 30 വരെ 21 പേര്‍ക്കായിരുന്നു അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. അഞ്ചു പേര്‍ മരിക്കുകയും ചെയ്തു. ഈ വര്‍ഷം 36 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രോഗ ബാധിച്ചവരുടെ എണ്ണം 139 ആയി ഉയര്‍ന്നു.

എ.ഇ.എസ് (മസ്തിഷ്‌ക ജ്വരം) ബാധിതരുടെ എണ്ണവും ഈ വര്‍ഷം കൂടി. 73 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 15 പേര്‍ മരിച്ചു. രണ്ടിരട്ടിയാണ് മസ്തിഷ്‌ക ജ്വര മരണം വര്‍ധിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളില്‍ 37 പേര്‍ക്കായിരുന്നു മസ്തിഷ്‌ക ജ്വര പിടിപെട്ടത്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ അവസാനം വരെ ഷിഗല്ല മരണങ്ങൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. സംസ്ഥാനത്ത് ആകെ 70 പേരായിരുന്നു ഷിഗല്ല ബാധിച്ച് ചികിത്സ തേടിയത്. ഈവര്‍ഷം 241 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ഏഴ് പേര്‍ മരിക്കുകയും ചെയ്തു. ഈ മാസം മാത്രം 165 പേര്‍ക്ക് രോഗം ബാധിക്കുകയും 6 പേര്‍ മരിക്കുകയും ചെയ്തു.

കഴിഞ്ഞ ജൂണ്‍ 30 വരെ വര്‍ഷം 65 എലിപ്പനി ആയിരുന്നു മരണം. മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) ബാധിച്ച് 39 പേരും മരിച്ചു. എന്നാല്‍ മഞ്ഞപ്പിത്തം, എലിപ്പനി മരണങ്ങള്‍ 27 വീതമായി കുറഞ്ഞത് ആരോഗ്യ വകുപ്പിന് ആശ്വാസമാണ്. ഡങ്കിപ്പനി ബാധിച്ച് കഴിഞ്ഞ വര്‍ഷം ജൂണ്‍ വരെ 18 പേരായിരുന്നു മരിച്ചത്.

ഈ വര്‍ഷം ഇതു വരെ ഏഴ് വയറിളക്ക മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം 11,26,837 പേര്‍ക്ക് പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടി. 882 പേര്‍ എലിപ്പനി ബാധിച്ചും 3737 പേര്‍ മഞ്ഞപ്പിത്തം ബാധിച്ചും ചികിത്സ തേടി.

മഞ്ഞപ്പിത്തം, എലിപ്പനി, ഡങ്കിപ്പനി തുടങ്ങിയ പകര്‍ച്ച വ്യാധികള്‍ മൂന്നു വര്‍ഷം മുമ്പ് വരെ സീസണലായി മാത്രം കണ്ടിരുന്ന രോഗങ്ങള്‍ ഇപ്പോള്‍ എല്ലാ സമയങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും ആരോഗ്യ വകുപ്പിനെ കുഴക്കുന്നു.

Tags

Share this story

From Around the Web