യുവ മിഷനറി വൈദികനായ പട്ടേട്ട് സുരേഷ് അച്ഛന്റെ മരണം വെള്ളികുളം ഇടവകക്ക് നൊമ്പരമായി

വെള്ളികുളം: മുപ്പത്തിമൂന്നാമത്തെ വയസ്സില്‍ യുവമിഷനറി വൈദികനായ പട്ടേട്ട് സുരേഷ് അച്ഛന്റ ആകസ്മിക വിയോഗം നാടിനു നൊമ്പരമായി മാറി. വെള്ളികുളം ഇടവകാംഗവും ദിവ്യകാരുണ്യ മിഷനറി സന്ന്യാസ സഭാംഗവുമായ സുരേഷ് അച്ഛന്‍ 2021 മുതല്‍ അരുണാചല്‍ പ്രദേശില്‍ മിഷനറി വൈദികനായി ശുശ്രൂഷ ചെയ്തു വരികയായിരുന്നു.
ഇക്കഴിഞ്ഞ രണ്ടാഴ്ചത്തെ അവധിക്ക് ശേഷം നാട്ടില്‍ വന്നു മടങ്ങിപ്പോയതായിരുന്നു.അച്ഛന്റെ സഹപ്രവര്‍ത്തകരായ വൈദികര്‍ക്ക് ടൈഫോയ്ഡ് ബാധിച്ച കൂട്ടത്തില്‍ അച്ഛനെയും രോഗം പിടികൂടി മികച്ച ചികിത്സയ്ക്കായി അച്ഛനെ ഗോവഹാട്ടിയിലുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ ഒരാഴ്ച മുമ്പ് പ്രവേശിപ്പിച്ചു. പക്ഷേ രോഗം മൂര്‍ച്ഛിച്ചതോടുകൂടി വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലുള്ള അപ്പോള ഹോസ്പിറ്റലില്‍ അച്ഛനെ പ്രവേശിപ്പിച്ചു. എങ്കിലും അച്ഛന്റെ ആരോഗ്യനില വീണ്ടും വഷളായി.
ആറാം തീയതി വൈകിട്ട് അച്ഛന്‍ ഈ ലോകത്തോട് യാത്ര പറഞ്ഞു.വെള്ളികുളം ഇടവകയിലെ പട്ടേട്ട് എമ്മച്ചന്‍ എന്ന് വിളിക്കപ്പെടുന്ന സെബാസ്റ്റ്യന്റെയും മേരിക്കുട്ടിയുടെയും നാലു മക്കളില്‍ രണ്ടാമത്തെ മകനാണ് സുരേഷ് അച്ചന്‍.
വെള്ളികുളം ഇടവകയിലെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും പ്ലസ്ടു വിദ്യാഭ്യാസവും പൂര്‍ത്തീകരിച്ചതിനു ശേഷം ദൈവവിളി സ്വീകരിച്ച് ദിവ്യകാരുണ്യ മിഷനറി കോണ്‍ഗ്രിഗേഷനില്‍ വൈദിക പരിശീലനത്തിനായി ചേര്‍ന്നു.
സെമിനാരി പഠനം പൂര്‍ത്തീകരിച്ചു 2020 ജനുവരി ഒന്നാം തീയതി വെള്ളികുളം പള്ളിയില്‍ വെച്ച് സീറോ മലബാര്‍ സഭയുടെ കൂരിയാ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുര പിതാവില്‍ നിന്നും പൗരോഹിത്യം സ്വീകരിച്ചു.
'2020 ഫെബ്രുവരിയില്‍ കുറുമ്പനാടം സെന്റ് ആന്റണീസ് പള്ളിയില്‍ അസിസ്റ്റന്റ് വികാരി ആയിട്ടാണ് ആദ്യ നിയമനം. 2021ല്‍ അരുണാചല്‍ പ്രദേശിലേക്ക് മിഷനറി പ്രവര്‍ത്തനത്തിനായി പുറപ്പെട്ടു. അവിടെ ഇടവകയിലും സ്‌കൂളിലും അച്ഛന്റെ അജപാലന ശുശ്രൂഷ തുടര്‍ന്നു .
2025 അച്ഛന്‍ അരുണാചല്‍ പ്രദേശിലെ ദിവ്യകാരുണ്യ മിഷനറി കോണ്‍ഗ്രിഗേഷന്റെ മിഷന്‍പ്രവര്‍ത്തനങ്ങളുടെ കൗണ്‍സിലറായി നിയമിക്കപ്പെട്ടു. ഇങ്ങനെ മിഷനറി പ്രവര്‍ത്തനത്തിന്റെ ഇടയിലാണ് അച്ഛന്റെ അവിചാരിതമായ വേര്‍പാട്.
ശാന്തനും സൗമ്യനുമായിരുന്ന അച്ചന്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവന്‍ ആയിരുന്നു. നല്ലൊരു കലാകാരനും ചിത്രകാരനുമായിരുന്നു. സുരേഷ് അച്ഛന്റെ പിതാവ് എമ്മച്ചന്‍ മികച്ച ഒരു ശില്പിയാണ്.
മിക്ക ദേവാലയങ്ങളുടെ അള്‍ത്താരയും രൂപങ്ങളും നിര്‍മ്മിച്ചിട്ടുള്ള വ്യക്തിയാണ് .ആന്‍ മരിയ, തോമസ് (സച്ചു , അല്‍ഫോന്‍സാ (ഐറിന്‍ ) എന്നിവരാണ് അച്ഛന്റെ സഹോദരങ്ങള്‍.
.എട്ടാം തീയതി വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണി മുതല്‍ കടുവാക്കുളം ലിറ്റില്‍ ഫ്‌ലവര്‍ ആശ്രമത്തില്‍ അച്ഛന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കുന്നതാണ്. മൃതസംസ്‌കാര ശുശ്രൂഷകള്‍ ഒമ്പതാം തീയതി ശനിയാഴ്ച ഒരുമണിക്ക് കടുവാക്കുളം ലിറ്റില്‍ ഫ്‌ലവര്‍ ആശ്രമത്തില്‍ ആരംഭിക്കുന്നതാണ്.
ഭദ്രാവതി രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് അരുമച്ചാടത്ത് പ്രാരംഭ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. ഇറ്റാനഗര്‍ ബിഷപ്പ് മാര്‍ ഡെന്നി വര്‍ഗീസ് , ചങ്ങനാശ്ശേരി അതിരൂപത അധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍ തുടങ്ങിയവര്‍ ദൈവാലയത്തിലെ മൃത സംസ്‌കാര പ്രാര്‍ത്ഥന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.
33-ാം വയസ്സിലെ ഈശോയുടെ മരണത്തെ അനുസ്മരിപ്പിച്ചുകൊണ്ട് സുരേഷ് അച്ഛന്‍ കടന്നു പോകുമ്പോള്‍ വീടിനും നാടിനും അച്ഛന്റെ വേര്‍പാട് നൊമ്പരമായി മാറുന്നു. അച്ഛന്റെ ആകസ്മിക വി യോഗത്തില്‍ വെള്ളികുളം പള്ളി വികാരി ഫാ.സ്‌കറിയ വേകത്താനം, ഭക്ത സംഘടനകള്‍
അനുശോചിച്ചു.