തൃശൂർ പുതുക്കാട് 22കാരൻ ലോറിയിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് ആരോപണം. മനഃപൂർവം ലോറിയിടിപ്പിച്ചതെന്ന് കുടുംബം
തൃശൂർ : പുതുക്കാടിൽ ലോറിയിടിച്ച് പട്ടാമ്പി തിരുമിറ്റക്കോട് സ്വദേശി റിജാസ് (22) മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കുടുംബം രംഗത്ത്. ഇത് വാഹനാപകടമല്ലെന്നും, ലോറി മനഃപൂർവം ഇടിപ്പിച്ച് നടത്തിയ കൊലപാതകമാണെന്നുമാണ് കുടുംബാംഗങ്ങളുടെ ആരോപണം.അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
സംഭവത്തിന് ഏകദേശം 15 മിനിറ്റ് മുന്പ് ലോറി ഡ്രൈവറും റിജാസും തമ്മിൽ വാക്കേറ്റം നടന്നിരുന്നതായി കുടുംബം വ്യക്തമാക്കി. റോഡിൽ വാഹനം കടന്നുപോകാൻ സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പിന്നീട് സംഘർഷത്തിലും ജീവഹാനിയിലും കലാശിച്ചതെന്ന്, ഒപ്പമുണ്ടായിരുന്നതും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതുമായ സുഹൃത്ത് പറഞ്ഞതായി കുടുംബം അറിയിച്ചു.
ബൈക്കിന് തൊട്ടുമുന്നിൽ സഞ്ചരിച്ചിരുന്ന കാറിലെ ഡാഷ്ബോർഡ്/റിയർ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ ഈ ആരോപണങ്ങളെ സാധൂകരിക്കുന്നതാണ്. ഈ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി യഥാർഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.