ഗിനി ബിസാവുവില്‍ ഇസ്ലാം മതപണ്ഡിതന്റെ മകള്‍ കത്തോലിക്ക സന്യാസിനിയായി

 
news



ബിസാവു: വെസ്റ്റ് ആഫ്രിക്കന്‍ രാജ്യമായ ഗിനി-ബിസാവുവില്‍ പ്രമുഖ ഇസ്ലാം മതപണ്ഡിതന്റെ (ഇമാം) മകള്‍ കത്തോലിക്ക സന്യാസിനിയായി വ്രതവാഗ്ദാനം ചെയ്തു. 

ഇരുപത്തിയേഴ് വയസ്സുള്ള ഐഷ സെറ്റിമിയ കാന്തെയാണ് സിസ്റ്റേഴ്‌സ് ഓഫ് ദ ഡിവൈന്‍ സ്പിരിറ്റ് (ഇഉട) സന്യാസ സമൂഹത്തില്‍ പ്രഥമ വ്രതവാഗ്ദാനം നടത്തിയത്. 

ഓഗസ്റ്റ് 15-ന് പരിശുദ്ധ ദൈവമാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദിനത്തില്‍ ബിസാവു രൂപതയില്‍ നടന്ന ചടങ്ങുകളില്‍ ബിഷപ്പ് എമരിറ്റസ് ജോസ് കാമ്‌നേറ്റ് നാ ബിസിന്‍ ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു.

സമര്‍പ്പിത ജീവിതം എന്നത് ഒരു വ്യക്തിഗത താല്പര്യമല്ലെന്നും മറിച്ച് ദൈവത്തിന്റെ ദൗത്യമാണെന്നു ചടങ്ങില്‍ സംസാരിച്ച ബിഷപ്പ് ജോസ് കാമ്‌നേറ്റ് ഓര്‍മ്മിപ്പിച്ചു. 

ദൈവമാതാവായ മറിയത്തെ ദൈവവിളിയുടെ മാതൃകയായി സ്വീകരിക്കാനും അദ്ദേഹം നവസന്യാസിനിയോട് ആഹ്വാനം ചെയ്തു. 

ദൈവം തന്നെ വിളിക്കുകയും തിരഞ്ഞെടുക്കുകയും ഈ നിമിഷം വരെ താങ്ങിനിര്‍ത്തുകയും ചെയ്തതിന് നന്ദി പറയുകയാണെന്ന് വ്രതവാഗ്ദാനത്തിന് ശേഷം ഐഷ പ്രതികരിച്ചു. 

അത്യധികം സന്തോഷവും കൃതജ്ഞതയും നിറഞ്ഞ നിമിഷമാണിതെന്നും അവര്‍ പറഞ്ഞു.


സഫിം സ്വദേശിയായ ഐഷ മുസ്ലിം കുടുംബ പശ്ചാത്തലത്തില്‍ ജനിച്ചു വളര്‍ന്ന വ്യക്തിയാണ്. പിതാവ് ഇമാമായിരിന്നു.

 ക്രിസ്തു വിശ്വാസത്താല്‍ ആകൃഷ്ട്ടയായ അവള്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബിസാവു രൂപതയിലെ ഔവര്‍ ലേഡി ഓഫ് ഗ്രേസ് ഫരീം ഇടവകയില്‍ നിന്നാണ് മാമോദീസ സ്വീകരിച്ചത്.

 തുടര്‍ന്ന് സെന്റ് ആന്‍സ് മന്‍സോവ ഇടവകയില്‍ നിന്ന് സ്ഥൈര്യലേപനം സ്വീകരിക്കുകയായിരിന്നു.

ഇതിന് പിന്നാലെയാണ് സന്യാസ ജീവിതത്തിലേക്കു പ്രവേശിക്കുവാനുള്ള തീരുമാനമെടുത്തത്. വൈകാതെ സിസ്റ്റേഴ്‌സ് ഓഫ് ദ ഡിവൈന്‍ സ്പിരിറ്റ് സമൂഹത്തില്‍ അംഗമാകുകയായിരിന്നു. 

അതേസമയം ഇസ്ലാം മതപണ്ഡിതന്റെ മകള്‍ കത്തോലിക്കാ സന്യാസിനിയായ വാര്‍ത്ത പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ ഐഷയ്‌ക്കെതിരെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണങ്ങളും വിദ്വേഷ പ്രചാരണങ്ങളും നടക്കുകയാണ്.

Tags

Share this story

From Around the Web