ഭൂട്ടാന്‍ വാഹനക്കടത്ത് കേസിൽ കേരള പൊലീസിന്റെ സഹായം തേടി കസ്റ്റംസ്. 38 വാഹനങ്ങള്‍ പിടികൂടി. നൂറ് വാഹനങ്ങള്‍ക്കായി അന്വേഷണം

ഭൂട്ടാന്‍ വാഹനക്കടത്ത് കേസിൽ കേരള പൊലീസിന്റെ സഹായം തേടി കസ്റ്റംസ്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കമ്മീഷണര്‍ ക്രമസമാധാന ചുമതലയുള്ള എ ഡി ജി പിക്ക് കത്ത് നല്‍കി. വാഹനങ്ങളുടെ നമ്പറുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്.
കേരളത്തില്‍ നിന്നും ഇതുവരെ 38 വാഹനങ്ങള്‍ പിടികൂടിയിട്ടുണ്ട്. നൂറോളം വാഹനങ്ങള്‍ക്കായി അന്വേഷണം തുടരുകയാണ്. ദില്ലി, കോയമ്പത്തൂര്‍ റാക്കറ്റുകള്‍ക്കായും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഭൂട്ടാനില്‍ നിന്ന് കടത്തിയ 200 ഓളം വാഹനങ്ങള്‍ കേരളത്തില്‍ എത്തിയതായി കസ്റ്റംസ് പറയുന്നുണ്ടെങ്കിലും പിടിച്ചെടുക്കാന്‍ ആയത് 38 വാഹനങ്ങള്‍ മാത്രമാണ്.
ആദ്യദിനം 35 ഇടങ്ങളില്‍ നടത്തിയ റെയ്ഡില്‍ 36 വാഹനങ്ങളും രണ്ടാം ദിവസം രണ്ടു വാഹനങ്ങളും കണ്ടെത്താനായി.
രണ്ടാം ദിനം കുണ്ടന്നൂരിലെ വര്‍ക്ക്‌ഷോപ്പില്‍ പിടിച്ചെടുത്ത ലാന്‍ഡ് ക്രൂയിസര്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.
വര്‍ക്ക് ഷോപ്പ് ഉടമ മുവാറ്റുപുഴ സ്വദേശി മാഹിന്‍ അന്‍സാരിയെ ഇന്നലെ കസ്റ്റംസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ദില്ലി സ്വദേശിയായ ഏജന്റില്‍ നിന്നാണ് താന്‍ വാഹനം വാങ്ങിയത് എന്നാണ് ഇയാളുടെ മൊഴി. തുടര്‍ന്ന് അന്വേഷണം ദില്ലിയിലേക്ക് വ്യാപിപ്പിച്ചു.
എന്നാല്‍ രേഖകള്‍ പ്രകാരം ഇറക്കുമതി ചെയ്ത വാഹനത്തിന്റെ ആദ്യ ഉടമ മാഹിന്‍ അന്‍സാരിയാണ്.
വാഹനങ്ങള്‍ ഭൂട്ടാനില്‍ നിന്നും ഇന്ത്യയില്‍ എത്തിയ വഴി കണ്ടെത്താനുള്ള വിവരങ്ങള്‍ മാഹിന്‍ അന്‍സാരിയില്‍ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കസ്റ്റംസ്.
എന്നാല്‍ 200ളം വാഹനങ്ങള്‍ കേരളത്തില്‍ എത്തിയെങ്കിലും 162 വാഹനങ്ങള്‍ ഇതുവരെ കണ്ടെത്താന്‍ കഴിയാത്തത് കസ്റ്റംസിന് തലവേദനയായി.
ഈ സാഹചര്യത്തിലാണ് കേരള പൊലീസിന്റെ സഹായം കസ്റ്റംസ് തേടിയത്.
അന്വേഷണം ശക്തമായ പശ്ചാത്തലത്തില്‍ വര്‍ക്ക്‌ഷോപ്പുകളിലും മറ്റും വാഹനങ്ങള്‍ ഒളിപ്പിച്ചിട്ടുണ്ടാകും എന്ന നിഗമനത്തിലാണ് കസ്റ്റംസ്.
രൂപമാറ്റം വരുത്തിയും നിറം മാറ്റിയും വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചും മറ്റ് സംസ്ഥാനങ്ങളിലേക്ക് വാഹനങ്ങള്‍ കടത്താന്‍ സാധ്യതയുണ്ട്.
ഈ സാഹചര്യത്തില്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്.