പൊലീസ് പ്രതിയെ തടഞ്ഞുവെയ്ക്കുന്ന സമയം മുതല്‍ കസ്റ്റഡി സമയം ആരംഭിക്കും; ഹൈക്കോടതി
Aug 13, 2025, 16:55 IST

കൊച്ചി: പൊലീസ് പ്രതിയെ തടഞ്ഞുവെയ്ക്കുന്ന സമയം മുതല്‍ കസ്റ്റഡി സമയം ആരംഭിക്കുമെന്ന് ഹൈക്കോടതി.
നടപടിക്രമങ്ങളുടെ ഭാഗമായി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല കസ്റ്റഡി ആരംഭിക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി.
കസ്റ്റഡിയിലെടുത്ത് 24 മണിക്കൂറിനുള്ളില്‍ അറസ്റ്റ് രേഖപ്പെടുത്തണമെന്നും അറസ്റ്റ് രേഖപ്പെടുത്തി 24 മണിക്കൂറിനുള്ളില്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കണമെന്നുമുള്ള നിര്‍ദ്ദേശത്തിലാണ് ഹൈക്കോടതി വ്യക്തത വരുത്തിയത്.
ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. പൊലീസ് കസ്റ്റഡിയിലെടുക്കുന്ന നിമിഷം മുതല്‍ അറസ്റ്റ് കണക്കാക്കിയില്ലെങ്കില്‍ പ്രതിയുടെ മൗലികാവകാശം ലംഘിക്കപ്പെടുമെന്ന അമികസ് ക്യൂറിയുടെ നിലപാട് അംഗീകരിച്ചാണ് ഹൈക്കോടതിയുടെ ഈ നടപടി.