കേരളത്തില്‍ അഞ്ച് ദിവസം കൂടി നിലവിലെ മഴ തുടരും

 
rain

തിരുവനന്തപുരം: കേരളത്തില്‍ അഞ്ച് ദിവസം കൂടി നിലവിലെ മഴ തുടരും. പശ്ചിമ ബംഗാള്‍  ഒഡിഷക്ക് മുകളിലായി പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ട്. അറബികടലില്‍ ഗുജറാത്ത് മുതല്‍ കര്‍ണാടക തീരം വരെ ന്യൂനമര്‍ദ്ദ പാത്തിയും നില നില്‍ക്കുന്നുണ്ട്. 

ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാത ചുഴി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. കേരളത്തില്‍, പ്രത്യേകിച്ച് വടക്കന്‍ മധ്യ ജില്ലകളില്‍ അടുത്ത മൂന്ന് ദിവസം കൂടി നിലവിലെ മഴയും കാറ്റും തുടരും.

അതേസമയം ഇന്നും ഒന്‍പതാം തീയിതിയുമാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത. ഈ ദിവസങ്ങളില്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Tags

Share this story

From Around the Web