കേരളത്തെ ഞെട്ടിച്ച് കൗമാരക്കാരുടെ ക്രിമിനൽ വഴികൾ. സംസ്ഥാനത്ത് പ്രായപൂർത്തിയാകാത്തവർ പ്രതികളാവുന്ന കുറ്റകൃത്യങ്ങൾ ഏറുന്നു
കോട്ടയം: കേരളത്തെ ഞെട്ടിച്ച് കൗമാരക്കാരുടെ ക്രിമിനൽ വഴികൾ. ഇടുക്കി ഉപ്പുതറപ്രായപൂർത്തിയാകാത്ത മകളുടെ പ്രണയബന്ധത്തെ എതിർത്തതിന് മകൾ നൽകിയ വ്യാജ പോക്സോ കേസിൽ 45കാരനായ പിതാവിന് ജയിലിൽ കഴിയേണ്ടി വന്നത് 18 മാസമാണ്. ഒടുവിൽ സത്യാവസ്ഥ തിരിച്ചറിഞ്ഞ് കോടതി വെറുതേ വിട്ടു. അതിനിടെ അനുഭവിക്കേണ്ടി വന്നത് കടുത്ത മാനസിക വ്യഥ.
കാമുകനുമായുള്ള ബന്ധവും നിരന്തരമുള്ള ഫോൺവിളികളും പിതാവ് ചോദ്യം ചെയ്തതാണ് പെൺകുട്ടിയെ പ്രകോപിപ്പിച്ചത്. തുടർന്ന് പിതാവിൽ നിന്നും പീഡനത്തിന് ഇരയായി എന്നുകാട്ടി പരാതി നൽകുകയായിരുന്നു.
ആലപ്പുഴ കരുവാറ്റയിൽ വാടകവീട്ടിൽ വയോധികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിലും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. കരുവാറ്റ മാടപ്പുരയ്ക്കൽ പടീറ്റതിൽ താമസിച്ചിരുന്ന ശിവൻകുട്ടി (65) യുടെ കൊലപാതകത്തിൽ ബന്ധുവായ 13-വയസുകാരിയടക്കം പ്രായപൂർത്തിയാകാത്ത നാലുപേരാണ് അറസ്റ്റിലായിരിക്കുന്നത്. 13-കാരി നൽകിയ ക്വട്ടേഷൻ കൊല്ലം സ്വദേശികളായ മൂന്നുപേരാണ് ഏറ്റെടുത്തത്.
കൊലപാതക ദൃശ്യമടക്കം ബന്ധുവായ പെൺകുട്ടിയെ പ്രതികൾ വീഡിയോ കോളിലൂടെ കാണിച്ചുനൽകിയെന്നാണ് പോലീസ് പറയുന്നത്. അപഹരിച്ച സ്വർണം വിറ്റിട്ട് പെൺകുട്ടിക്ക് ഐ ഫോണും പ്രതികൾക്ക് ബൈക്കും വാങ്ങാനാണ് ലക്ഷ്യമിട്ടതെന്നാണ് പറയുന്നത്.
ക്വട്ടേഷൻ സംഘങ്ങളും ലഹരിക്കടത്തുമായി ഇന്നു വിലസുന്നത് ചെറു കുട്ടികകളാണ്. കഴിഞ്ഞ ആഴ്ചയാണ് കോട്ടയം പേരൂരിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ ക്വട്ടേഷൻ കവർച്ച നടന്നത്. മാരകായുധങ്ങളുമായി എത്തിയ പ്രതികളിൽ പ്രായപൂർത്തിയാവാത്ത കുട്ടികളും ഉണ്ടായിരുന്നു.
കുടുംബബന്ധങ്ങളുടെയും സാമൂഹിക സുരക്ഷിതത്വത്തിന്റെയും പേരിൽ ലോകത്തിന് തന്നെ മാതൃകയായിരുന്ന കേരളീയ പൊതുസമൂഹം ഇന്ന് നടുക്കത്തോടെയാണ് പുതിയ വാര്‍ത്തകള്‍ വായിക്കുന്നത്.
ലഹരിമരുന്നുകളുടെ അതിപ്രസരം, അതിരുകളില്ലാത്ത ഇന്റർനെറ്റ് ഉപയോഗം, സമാന്തര ഡിജിറ്റൽ ലോകത്തെ തെറ്റായ ആകർഷണങ്ങൾ എന്നിവ കുട്ടികളുടെ മാനസിക നിലയെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്നാണ് മനഃശാസ്ത്ര വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. തെറ്റും ശരിയും തിരിച്ചറിയാനുള്ള വിവേകം ഇല്ലാതാകുന്നതിനൊപ്പം, എന്ത് കുറ്റകൃത്യവും തികഞ്ഞ ആസൂത്രണത്തോടെ ചെയ്യാൻ ഇന്ന് കൗമാരക്കാർ മടിക്കുന്നില്ല.
സംസ്ഥാനത്ത് പ്രായപൂർത്തിയാകാത്തവർ പങ്കാളികളാകുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം സമീപകാലത്തായി വർധിച്ചുവരുന്നതായി പോലീസിന്റെയും വനിതാ-ശിശുവികസന വകുപ്പിന്റെയും കണക്കുകൾ സൂചിപ്പിക്കുന്നു. സിന്തറ്റിക് ലഹരിവസ്തുക്കളുടെ വർധിച്ച ലഭ്യതയും കുട്ടികളിലെ ലഹരി ഉപയോഗവും. ഇൻ്റർനെറ്റിൻ്റെയും ഓൺലൈൻ ഗെയിമുകളുടെയും അമിത ഉപയോഗം, സൈബർ കുറ്റകൃത്യങ്ങളിലേക്കും അക്രമവാസനയിലേക്കും കുട്ടികളെ എത്തിക്കുന്നു.
ഇതോടൊപ്പം കുടുംബങ്ങളിലെ നിരീക്ഷണക്കുറവ്, മാതാപിതാക്കളുടെ ശ്രദ്ധയില്ലായ്മ, സാമ്പത്തിക അസമത്വങ്ങളും കുട്ടികളിലെ മാറ്റങ്ങൾക്കു കാരണമാണ്.
ഇന്നു മുതിർന്ന കുറ്റവാളികൾ പിടിയിലാകാതിരിക്കാൻ പ്രായപൂർത്തിയാകാത്ത കുട്ടികളെ ഏജന്റുകളായും ലഹരി കടത്തുകാരായും ഉപയോഗിക്കുന്നുണ്ട്.
ലഹരിമരുന്നുകളുടെ ഉപയോഗവും വിപണനവുമാണ് കുട്ടികളെ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നതിൽ ഏറ്റവും പ്രധാന ഘടകമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കൗമാരക്കാരിലെ ഈ കുറ്റവാസനയെ വെറുമൊരു നിയമപ്രശ്നമായി മാത്രം കാണാൻ സാധിക്കില്ല. കുടുംബങ്ങളിലും വിദ്യാലയങ്ങളിലും കൃത്യമായ നിരീക്ഷണവും കുട്ടികൾക്ക് ആവശ്യമായ മാനസിക പിന്തുണയും ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പ്രായപൂർത്തിയാകാത്തവരെ ശിക്ഷിക്കുന്നതിനൊപ്പം, അവരെ അതിലേക്ക് നയിക്കുന്ന സാമൂഹിക പരിസ്ഥിതിയെ തിരുത്തിയെഴുതാൻ പൊതുസമൂഹം ഒന്നടങ്കം മുന്നിട്ടിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.