സ്പെയിൻ വിശുദ്ധരുടെയും മിഷനറിമാരുടെയും തൊട്ടിൽ: ലെയോ പതിനാലാമൻ മാർപാപ്പ
സ്പെയിനിനെ വിശുദ്ധരുടെയും തീക്ഷ്ണതയുള്ള മിഷനറിമാരുടെയും തൊട്ടിൽ എന്ന് വിശേഷിപ്പിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. കാസ്റ്റിലിലെ സഭാ അസംബ്ലിക്ക് അയച്ച സന്ദേശത്തിലാണ് പാപ്പ സ്പെയിനിനെ പ്രകീർത്തിച്ചത്.
മാർപാപ്പയുടെ വരാനിരിക്കുന്ന സ്പെയിൻ സന്ദർശനം രാജ്യത്തെ സഭയ്ക്കും സമൂഹത്തിനും വലിയ ഉണർവ് നൽകുമെന്ന് ബിഷപ്പുമാരുടെ സമിതി അധ്യക്ഷൻ മോൺസിഞ്ഞോർ ലൂയിസ് ആർഗ്വെല്ലോ പറഞ്ഞു. ലോകമെങ്ങും ക്രിസ്തുവിന്റെ സുവിശേഷമെത്തിച്ച സ്പെയിനിലെ മിഷനറിമാരുടെ പാരമ്പര്യം അനുസ്മരിച്ച മാർപാപ്പ, ദൈവകൃപയാൽ നയിക്കപ്പെട്ട് മിഷനറി പ്രവർത്തനങ്ങളിൽ പുതിയ തീക്ഷ്ണതയോടെ മുന്നേറാൻ ആഹ്വാനം ചെയ്തു.
2026 ജൂൺ ആദ്യവാരം സ്പെയിനിലെത്തുന്ന മാർപാപ്പ മാഡ്രിഡ്, ബാഴ്സലോണ, കാനറി ദ്വീപുകൾ എന്നിവിടങ്ങളിൽ സന്ദർശനം നടത്തും. 15 വർഷത്തിനു ശേഷമാണ് ഒരു മാർപാപ്പ സ്പെയിനിൽ എത്തുന്നത്. സന്ദർശനത്തിനിടെ സ്പാനിഷ് പാർലമെന്റിനെ മാർപാപ്പ അഭിസംബോധന ചെയ്തേക്കും. ഇത് സ്പാനിഷ് ജനാധിപത്യത്തിനും സിവിൽ സമൂഹത്തിനും വലിയ കരുത്താകുമെന്ന് സഭാനേതൃത്വം പ്രത്യാശ പ്രകടിപ്പിച്ചു.
‘വിശ്വാസത്തിൽ ഒന്നാവുക’ എന്ന ലക്ഷ്യത്തോടെ സഭയുടെ ഘടനയിലും പ്രവർത്തനങ്ങളിലും കാലോചിതമായ മാറ്റങ്ങൾ വരുത്താൻ സന്ദർശനം സഹായിക്കുമെന്ന് മോൺസിഞ്ഞോർ ലൂയിസ് ആർഗ്വെല്ലോ കൂട്ടിച്ചേർത്തു.