സിപിഐഎം എല്‍സി സെക്രട്ടറി പലവട്ടം ഭീഷണിപ്പെടുത്തി. നൂറനാട് വീട്ടിൽ നിന്ന് കുടുംബത്തെ ഇറക്കിവിട്ട സംഭവത്തില്‍ സ്ഥലം ഉടമ

ആലപ്പുഴ നൂറനാട്ടിൽ സിപിഐഎം നേതാവിന്റെ നേതൃത്വത്തിൽ കുടുംബത്തെ ഇറക്കിവിട്ട സംഭവത്തിൽ എൽസി സെക്രട്ടറിക്കെതിരെ സ്ഥലം ഉടമ. സിപിഐഎം നേതാവിൻ്റെ ബിസിനസ് ആവശ്യങ്ങൾക്കായി മുൻപും സ്ഥലം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നതായി സ്ഥലം ഉടമ ജമാൽ പറഞ്ഞു.
സ്ഥലം നൽകാത്തതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമെന്ന് ജമാല്‍ പറഞ്ഞു. ഇഎംഎസ് ഭവന പദ്ധതിയിൽ തനിക്ക് വീട് ലഭിച്ചുവെന്നത് വ്യാജപ്രചാരണം ആണ്. വീട് നിലനിൽക്കുന്ന സ്ഥലം വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് മുൻപ് പലതവണ പാലമേൽ എൽസി സെക്രട്ടറിയായ നൗഷാദ് ഭീഷണിപ്പെടുത്തിയിരുന്നതായും ജമാൽ വ്യക്തമാക്കി.
കൈവശാവകാശം കിട്ടിയ ഭൂമി വിട്ടു നൽകാൻ താൻ തയ്യാറായിരുന്നില്ല. ഇതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമെന്നാണ് സ്ഥലം ഉടമ ജമാൽ പറയുന്നത്. 30 വർഷത്തിലധികമായി തന്റെ പിതാവിന് ഒപ്പം താമസിച്ചിരുന്ന കനാൽ പുറമ്പോക്ക് ഭൂമിക്ക് 2007ൽ വിഎസ് സർക്കാറിന്റെ കാലത്താണ് കൈവശാവകാശം ലഭിക്കുന്നത്.
എന്നാൽ സിപിഐഎം നേതാക്കൾ ആരോപിക്കുന്ന പോലെ ഇഎംഎസ് ഭവന പദ്ധതിയിൽ തനിക്ക് വീട് ലഭിച്ചിട്ടില്ലായെന്നും ജമാൽ പറഞ്ഞു.
ആരുടെ കയ്യിൽ നിന്നും പണം വാങ്ങിയിട്ടല്ല താൻ നാടുവിട്ടതെന്നും ജോലി സംബന്ധമായി വിദേശത്തേക്ക് മടങ്ങിയപ്പോൾ മാതാവിനെ ബന്ധുവീട്ടിലേക്ക് മാറ്റുകയായിരുന്നുവെന്നും ജമാൽ വിശദീകരിക്കുന്നു. ഇതിനെ തുടർന്നാണ് സുഹൃത്തു കൂടിയായ അർഷാദിനും കുടുംബത്തിനും തന്റെ വീട് താല്‍ക്കാലികമായി താമസിക്കാൻ വിട്ടു നൽകിയത്.
കഴിഞ്ഞ ദിവസമാണ് അർഷാദിനെയും കുടുംബത്തെയും സിപിഐഎം നേതാവിന്റെ നേതൃത്വത്തില്‍ ഇറക്കിവിട്ടത്. അർഷാദും കുടുംബവും നൽകിയ പരാതിയിൽ നൂറനാട് പൊലീസ് ഇതുവരെയും കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ആരോപണം ഉയരുന്നുണ്ട്.
എൽസി സെക്രട്ടറിക്കെതിരായി ഉയർന്ന ആരോപണങ്ങളിൽ സിപിഐഎം ജില്ലാ നേതൃത്വവും ഇതുവരെയും വിശദീകരണം നൽകിയിട്ടില്ല.