കൗണ്‍സിലര്‍ വാക്കുപാലിച്ചു, ഉപഹാരമായി ലഭിച്ച പുസ്തകങ്ങള്‍ സ്‌കൂളിന് കൈമാറി
കൊച്ചി: തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഉപഹാരമായി ലഭിച്ച പുസ്തകങ്ങള്‍ താന്‍ പഠിച്ച സ്‌കൂള്‍ ലൈബ്രറിക്ക് കൈമാറി കൗണ്‍സിലര്‍ മാതൃകയായി.
കൊച്ചി കോര്‍പ്പറേഷന്‍ 46-ാം ഡിവിഷനിലേക്ക് മത്സരിച്ച യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി.പി. ചന്ദ്രനാണ് തിരഞ്ഞെടുപ്പ് വേദിയില്‍ പറഞ്ഞ വാക്കുകള്‍ പ്രാവര്‍ത്തികമാക്കിയത്.
തിരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാര്‍ത്ഥിക്ക് സ്വീകരണം നല്‍കുന്ന യോഗങ്ങളില്‍ ആരും പ്ലാസ്റ്റിക് മാലകളോ ഷാളുകളോ മറ്റ് ഉപഹാരങ്ങളോ നല്‍കേണ്ടെന്നും, തനിക്ക് പുസ്തകങ്ങള്‍ സമ്മാനമായി നല്‍കിയാല്‍ മതിയെന്നുമായിരുന്നു സ്ഥാനാര്‍ത്ഥിയായിരുന്ന വി.പി. ചന്ദ്രന്റെ അഭ്യര്‍ത്ഥന.
തനിക്ക് ലഭിച്ച പുസ്തകങ്ങള്‍ പഠിച്ച സെന്റ് ജോര്‍ജ് സ്‌കൂള്‍ ലൈബ്രറിക്കായി കൈമാറുമെന്നും വി.പി. ചന്ദ്രന്‍ പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം നേടിയ ചന്ദ്രന്‍ തനിക്ക് ലഭിച്ച പുസ്തകങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ക്ക് കൈമാറി.
സ്‌കൂളില്‍ വച്ച് നടന്ന ചടങ്ങില്‍ കൗണ്‍സിലര്‍ വി.പി. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കവിയും സീനിയര്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ ആര്‍. രാജശേഖരന്‍ സെന്റ് ജോര്‍ജ് സ്‌കൂളിലെ പ്രധാന അധ്യാപികമാരായ സിസ്റ്റര്‍ ഹിത മരിയ, സിസ്റ്റര്‍ സീന ജോസ് എന്നിവര്‍ക്കു പുസ്തകങ്ങള്‍ കൈമാറി.
പൂര്‍വവിദ്യാര്‍ത്ഥികൂടിയായ കൗണ്‍സിലറുടെ ഈ തീരുമാനം മാതൃകാപരമാണെന്നും, പുതുതലമുറയ്ക്ക് വായനയുടെ പുതിയ ലോകത്തേക്ക് സഞ്ചരിക്കാന്‍ ഇത്തരം ഇടപെടലുകള്‍ ഊര്‍ജം പകരുമെന്നും ആര്‍. രാജശേഖരന്‍ അഭിപ്രായപ്പെട്ടു.
എ. രതീഷ് കുമാര്‍, ശ്രീനി മേനോന്‍, ജെയ്‌മോന്‍ തോട്ടുപുറം, പി.സി. വര്‍ഗീസ്, ഗോഡ് വിന്‍ മാര്‍ക്കോസ്, ടി.വി. അജിമോന്‍ തുടങ്ങിയവര്‍ സംസാരിച്ചു.