ഇന്ധനച്ചെലവ് താങ്ങാനാവുന്നില്ല. ഇലക്ട്രിക് ഓട്ടോകളിലേക്ക് ചുവടുമാറി തൊഴിലാളികൾ. രാജ്യത്ത് ഇ.വി വിൽപ്പനയിൽ വൻ കുതിപ്പ്

 
disel petrole

കോട്ടയം: കുതിച്ചുയരുന്ന ഇന്ധനവിലയും ഉയർന്ന അറ്റകുറ്റപ്പണി ചെലവുകളും കാരണം പരമ്പരാഗത ഓട്ടോറിക്ഷാ മേഖലയിൽ പിടിച്ചുനിൽക്കാനാവാതെ തൊഴിലാളികൾ വ്യാപകമായി ഇലക്ട്രിക് ഓട്ടോകളിലേക്ക് ചുവടുമാറുന്നു.

കുറഞ്ഞ പ്രവർത്തനച്ചെലവും മികച്ച ലാഭവിഹിതവും ഉറപ്പാക്കാൻ സാധിക്കുന്നതാണ് ഇലക്ട്രിക് ഓട്ടോകളെ തൊഴിലാളികൾക്ക് പ്രിയങ്കരമാക്കുന്നത്.

തൊഴിലാളികളുടെയും ഉപഭോക്താക്കളുടെയും ഈ മാറ്റം ദേശീയതലത്തിലെ വാഹന വിൽപ്പന കണക്കുകളിലും വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്.

ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻസിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2026-ലെ 42 ദിവസത്തെ ഉത്സവ സീസണിൽ രാജ്യത്തെ ഇലക്ട്രിക് വാഹന വിൽപ്പന 52.62 ശതമാനം വർദ്ധിച്ച് 5,09,667 യൂണിറ്റുകളിലെത്തി. ഒരു ഉത്സവ സീസണിൽ ഇ.വി വിൽപ്പന അഞ്ച് ലക്ഷം കടക്കുന്നത് ഇതാദ്യമായാണ്.

ഉത്സവകാലത്ത് ഇലക്ട്രിക് മുച്ചക്ര വാഹനങ്ങളുടെ വിൽപ്പനയിൽ 25.45 ശതമാനത്തിന്റെ വർദ്ധനവുണ്ടായി.  ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ വിൽപ്പന 61.10 ശതമാനം ഉയർന്ന് 3,30,846 യൂണിറ്റുകളിലെത്തി.

ഇലക്ട്രിക് പാസഞ്ചർ വാഹനങ്ങൾ 72.91 ശതമാനം വളർച്ചയോടെ 52,104 യൂണിറ്റുകൾ വിറ്റഴിച്ചു. ഇലക്ട്രിക് കൊമേഴ്സ്യൽ വാഹനങ്ങൾ വിൽപ്പന ഇരട്ടിയിലധികമായി 154.56% വർദ്ധനവ്  ഉണ്ടായി. 6,387 യൂണിറ്റുകളാണ് വിറ്റഴിഞ്ഞത്.

പാസഞ്ചർ വാഹനങ്ങളുടെ  വിൽപ്പനയിൽ മുൻവർഷത്തെ അപേക്ഷിച്ച് 7.16 ശതമാനത്തിന്റെ നേരിയ കുറവുണ്ടായെങ്കിലും  രാജ്യത്തെ മൊത്തം വാഹന വിൽപ്പന 2.21 ശതമാനം വളർച്ചയോടെ 55,25,490 യൂണിറ്റെന്ന സർവ്വകാല റെക്കോർഡ് കുറിച്ചു.

Tags

Share this story

From Around the Web