2019ലെ നെഹ്റു ട്രോഫിക്കായി ഉണ്ടാക്കിയ കരാർ പാലിച്ചില്ല; സെന്റ് ജോർജ് ചുണ്ടൻ വള്ളം ജപ്തി ചെയ്തു

മങ്കൊമ്പ്:2019ലെ നെഹ്റു ട്രോഫിക്കായി ഉണ്ടാക്കിയ കരാർ പാലിക്കാത്തതിനെ തുടർന്ന് സെന്റ് ജോർജ് വള്ളവും ബന്ധപ്പെട്ട സ്വത്തുക്കളും കോടതി ഉത്തരവ് പ്രകാരം ജപ്തി ചെയ്തു. ചങ്ങങ്കരി നടുഭാഗം ക്രിസ്ത്യൻ യൂണിയന്റെ ഉടമസ്ഥതയിലുള്ള സെന്റ് ജോർജ് ചുണ്ടൻവള്ള ഭരണസമിതി എടത്വാ ബ്രദേഴ്സ് ബോട്ട് ക്ലബ്ബുമായുണ്ടാക്കിയ കരാർ പാലിക്കാത്തതിനെ തുടർന്നാണ് ഈ നടപടി.
ആലപ്പുഴ സിവിൽ കോടതിയുടെ ഉത്തരവിനെത്തുടർന്ന് പൊലീസ് അകമ്പടിയോടെയാണ് കോടതി ജീവനക്കാർ വള്ളവും വള്ളപ്പുരയും ഓഫീസ് കെട്ടിടവും ജപ്തി ചെയ്തത്.
വള്ളം മാലിപ്പുരയിൽ നിന്നു മാറ്റിയിരുന്നെങ്കിലും ഉദ്യോഗസ്ഥർ തിരികെയെത്തിച്ച് ജപ്തി നടപടികൾ പൂർത്തിയാക്കുകയായിരുന്നു.
വള്ളവും സ്ഥാപനത്തിന്റെ ജംഗമവസ്തുക്കളും കോടതിയുടെ അധീനതയിലാണെന്നും അതിക്രമിച്ചു കടന്നാൽ നിയമനടപടികൾ നേരിടേണ്ടിവരുമെന്നും മാലിപ്പുര കവാടത്തിൽ കോടതി ഉത്തരവ് പതിപ്പിച്ച ഫ്ലക്സ് ബോർഡിൽ വ്യക്തമാക്കിയിട്ടുണ്ട്.