ആഗോള ശ്രദ്ധ നേടിയ സഗ്രഡ ഫാമിലിയ ബസിലിക്കയുടെ ഗോപുരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി

 
SAGARADE



ബാഴ്സലോണ: ദീര്‍ഘകാലമായി നടക്കുന്ന നിര്‍മ്മാണം കൊണ്ട് ശ്രദ്ധയാകര്‍ഷിച്ച ബാഴ്സലോണയിലെ സഗ്രഡ ഫാമിലിയ ബസിലിക്കയുടെ മധ്യ ഗോപുരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. 

ഫെബ്രുവരി 20ന് യേശു ക്രിസ്തുവിന്റെ ഗോപുരമെന്ന വിശേഷണത്തോടെ കുരിശിന്റെ മുകള്‍ഭാഗം സ്ഥാപിച്ചതോടെ, ബസിലിക്കയുടെ ഏറ്റവും ഉയര്‍ന്ന സ്ഥലമായ സഗ്രഡ ഫാമിലിയയുടെ മധ്യ ഗോപുരത്തിന്റെ ബാഹ്യ ജോലികള്‍ പൂര്‍ത്തിയാക്കി. ഇതോടെ സാഗ്രഡ ഫാമിലിയ ബസിലിക്കയുടെ ആറ് മധ്യ ഗോപുരങ്ങളുടെ നിര്‍മ്മാണം ബാഹ്യമായി പൂര്‍ത്തികരിച്ചിട്ടുണ്ട്. ഘടനയുടെ ഇന്റീരിയര്‍ പണികള്‍ തുടരും.


കഴിഞ്ഞ വര്‍ഷം ജര്‍മ്മനിയില്‍ നിര്‍മ്മിച്ച കുരിശാണ് ബസിലിക്കയില്‍ സ്ഥാപിച്ചത്. വെളുത്ത സെറാമിക് ഗ്ലാസ്, സ്റ്റെയിന്‍ഡ് ഗ്ലാസ് എന്നിവ വിവിധ ഫാക്ടറികളിലും വര്‍ക്ക്‌ഷോപ്പുകളിലുമായാണ് നിര്‍മ്മിച്ചത്. ജര്‍മ്മനിയില്‍ നിന്ന് പല ഭാഗങ്ങളായി എത്തിച്ച കുരിശിന്റെ ഭാഗങ്ങള്‍, ദേവാലയത്തിന്റെ 54 മീറ്റര്‍ ഉയരത്തില്‍ സ്ഥാപിച്ചിരിക്കുന്ന വര്‍ക്ക് പ്ലാറ്റ്ഫോമില്‍ കൂട്ടിചേര്‍ക്കുകയായിരിന്നു. 1882-ല്‍ നിര്‍മ്മാണം ആരംഭിച്ച ബസിലിക്കയുടെ നിര്‍മ്മാണം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. അന്റോണിയോ ഗൗഡി എന്ന പ്രമുഖ ആര്‍ക്കിടെക്ട്ടാണ് മനോഹരമായ പടുകൂറ്റന്‍ ദേവാലയത്തിന്റെ രൂപരേഖ തയ്യാറാക്കിയത്.


അടിയുറച്ച കത്തോലിക്ക വിശ്വാസിയായ ഗൗഡി തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗവും ഈ സ്വപ്നപദ്ധതിയ്ക്കായാണ് ചെലവഴിച്ചത്. 1926ല്‍ ഗൗഡി മരിക്കുമ്പോള്‍ ദേവാലയ നിര്‍മ്മാണം വളരെ കുറച്ചുമാത്രമേ പൂര്‍ത്തിയായിരുന്നുള്ളു. ദേവാലയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെങ്കിലും 2010-ല്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പ ബസിലിക്കയുടെ കൂദാശ കര്‍മ്മം നിര്‍വഹിച്ചിരുന്നു. 45 ലക്ഷത്തോളം ആളുകളാണ് ഈ ദേവാലയം വര്‍ഷംതോറും സന്ദര്‍ശിക്കുന്നത്. 2005ല്‍ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ സഗ്രഡ ഫാമിലിയ ഇടംപിടിച്ചിരുന്നു.

Tags

Share this story

From Around the Web