മോണ്‍സിഞ്ഞോര്‍ തോമസ് ആനിമൂട്ടിലിന്റെ മെത്രാഭിഷേകം നാളെ കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍
കോട്ടയം അതിരൂപതയുടെ സഹായമെത്രാന്‍ മോണ്‍സിഞ്ഞോര്‍ തോമസ് ആനിമൂട്ടിലിന്റെ മെത്രാഭിഷേക ശുശ്രൂഷകള്‍ നാളെ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കോട്ടയം ക്രിസ്തുരാജ ക്നാനായ കത്തോലിക്കാ മെത്രോപ്പോലീത്തന്‍ ദൈവാലയത്തില്‍ നടത്തപ്പെടും.
മെത്രാഭിഷേക ചടങ്ങുകള്‍ക്ക് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മികത്വം വഹിക്കും. ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ തോമസ് തറയില്‍, തലശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പാംപ്ലാനി എന്നിവര്‍ സഹകാര്‍മികരായിരിക്കും.
കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്തയും കെ.സി.ബി.സി പ്രസിഡന്റുമായ അഭിവന്ദ്യ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ പിതാവ് സന്ദേശം നല്‍കും. തുടര്‍ന്ന് മാര്‍ തോമസ് ആനിമൂട്ടില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.
തിരുവല്ല ആര്‍ച്ച്ബിഷപ്പ് തോമസ് മാര്‍ കൂറിലോസ് അനുമോദന സന്ദേശം നല്‍കും. വിവിധ സഭകളെ പ്രതിനിധീകരിച്ച് അന്‍പതോളം മെത്രാന്മാര്‍ ശുശ്രൂഷകളില്‍ പങ്കെടുക്കും.
ജനപ്രതിനിധികള്‍, രാഷ്ട്രീയ-സാംസ്‌കാരികരംഗത്തെ പ്രമുഖര്‍, വൈദികര്‍, സന്ന്യസ്തര്‍, അതിരൂപതയിലെ ഇടവകകളില്‍ നിന്നുള്ള പ്രതിനിധികള്‍, യുവജനങ്ങള്‍, അതിരൂപതയിലെ വിവിധ സംഘടനകളുടെ പ്രതിനിധികള്‍ എന്നിവരുള്‍പ്പടെ നാലായിരത്തോളം പേര്‍ ശുശ്രൂഷകളില്‍ പങ്കെടുക്കുമെന്ന് സംഘാടകസമിതി അംഗങ്ങള്‍ അറിയിച്ചു.
ഫാ. അബ്രാഹം പറമ്പേട്ട്, പി.ആര്‍.ഒ.